മണിയൻ സിറ്റി- നാരങ്ങാനം റോഡ് നിർമാണം ആരംഭിച്ചു
1512575
Sunday, February 9, 2025 11:54 PM IST
തൊമ്മൻകുത്ത്: വനംവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി തടഞ്ഞിരുന്ന നെയ്യശേരി -തോക്കുന്പൻ സാഡിൽ റോഡിന്റെ മണിയൻ സിറ്റി - നാരങ്ങാനം ഭാഗത്തെ നിർമാണം പുനരാരംഭിച്ചു. ഒരു മാസം മുന്പാണ് വനംവകുപ്പ് നിർമാണം തടഞ്ഞത്. റോഡരികിൽ നിന്ന മരങ്ങൾ നാട്ടുകാർ വെട്ടി നീക്കിയതിന്റെ പേരിലാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
മരങ്ങൾ വെട്ടിമാറ്റാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി നിർദേശിച്ചിട്ടും വനം വകുപ്പ് വെട്ടി മാറ്റിയില്ല. ഇതോടെ ഇരുനൂറോളം നാട്ടുകാർ ചേർന്ന് ഇവ മുറിച്ച് റോഡരികിൽ കൂട്ടി. ഇതിന്റ പേരിൽ കരാർ ജീവനക്കാർ, കെഎസ്ടിപി ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ വനംവകുപ്പ് കേസെടുത്തു. പിന്നീട് നാട്ടുകാരുടെ പ്രതിഷേധവും പി.ജെ. ജോസഫ് എംഎൽഎയുടെ ഇടപെടലും കണക്കിലെടുത്ത് മൂന്ന് ദിവസത്തിന് ശേഷം സ്റ്റോപ്പ് മെമ്മോ പിൻവലിച്ചു. എന്നാൽ കരാർ ജീവനക്കാർ, കെഎസ്ടിപി ഉദ്യോഗസ്ഥർ എന്നിവർക്കെതിരേയെടുത്ത കേസ് ഒഴിവാക്കിയില്ല. കേസിൽനിന്ന് ഒഴിവാക്കാതെ നിർമാണം തുടങ്ങില്ലെന്ന നിലപാട് കരാറുകാരൻ സ്വീകരിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. കേസിൽനിന്ന് ഇവരെ ഒഴിവാക്കാൻ ധാരണയായതോടെയാണ് കഴിഞ്ഞ ദിവസം മുതൽ നിർമാണം പുനരാരംഭിച്ചത്.