വഴിയോരക്കച്ചവടത്തിനെതിരേ നിവേദനം നൽകി
1512564
Sunday, February 9, 2025 11:54 PM IST
കട്ടപ്പന: വഴിയോരക്കച്ചവടത്തിനെതിരേ കേരള വ്യാപാരി വ്യവസായി സമിതി നഗരസഭാ ക്ലീൻ സിറ്റി മാനേജർക്ക് നിവേദനം നൽകി. നഗരത്തിൽ വിവിധ ഭാഗങ്ങളിലായി വാഹനങ്ങളിൽ വഴിയോരക്കച്ചവടം തകൃതിയായി നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് നഗരസഭാ ക്ലിൻ സിറ്റി മാനേജർ ജിൻസ് സിറിയക്കിന് കെഎസ്വിവിഎസ് കട്ടപ്പന യൂണിറ്റ് നിവേദനം നൽകിയത്.
നഗരത്തിൽ അന്യസംസ്ഥാനത്തുനിന്നും മറ്റ് ജില്ലകളിൽനിന്നുമായി പകലും രാത്രിയിലും നിരവധി വാഹനങ്ങളിൽ വ്യാപാരം നടത്തുകയാണ്. ഇത് എല്ലാവിധ നിയമങ്ങളും പാലിച്ച് വ്യാപാരം നടത്തുന്ന വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നു. ഇതോടെ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലേക്ക് എത്തി.
ഇത്തരത്തിലെ വ്യാപാരങ്ങൾ നിരോധിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നിവേദനത്തിൽ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, കട്ടപ്പന യൂണിറ്റ് സെക്രട്ടറി ഷിനോജ്, ഭാരവാഹികളായ ആൽവിൻ തോമസ്, അയ്യപ്പൻകുട്ടി, ഷെഫീഖ്, മനു ജോസഫ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.