നാടുകാണി-മൂലമറ്റം കേബിൾകാർ പദ്ധതി ടൂറിസം വികസനത്തിനു കുതിപ്പേകും
1512566
Sunday, February 9, 2025 11:54 PM IST
മൂലമറ്റം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നാടുകാണി പവലിയൻ-മൂലമറ്റം കേബിൾ കാർ പദ്ധതി ലോറേഞ്ചിന്റെ ടൂറിസം വികസനത്തിൽ പുത്തൻ പ്രതീക്ഷ പകരുന്നു.
ബജറ്റിൽ മൂന്നു കോടി വകയിരുത്തിയിട്ടുള്ള പദ്ധതി യാഥാർഥ്യമായാൽ മൂലമറ്റത്തെ ടൂറിസം ഹബ്ബാക്കി മാറ്റാൻ കഴിയും.
വാഗമണ്‍, മൂന്നാർ, തേക്കടി എന്നിവിടങ്ങളിലേക്കെത്തുന്ന ടൂറിസ്റ്റുകൾക്കുള്ള ഇടത്താവളമായി ഇവിടം മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പഞ്ചായത്തിലെ ടൂറിസം വികസന സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിന് അറക്കുളം പഞ്ചായത്ത് ടൂറിസം കൗണ്‍സിലിന്റെ നേതൃത്വത്തിൽ അറക്കുളം ടൂറിസം ക്ലബ് രൂപീകരിച്ചു.
കാഞ്ഞാർ വാട്ടർ ഷെഡ് തീം പാർക്ക്, ത്രിവേണി സംഗമം, പവർഹൗസിന്റെ മിനിയേച്ചർ നിർമാണം, തേക്കിൻകൂപ്പിൽ ഉൗഞ്ഞാൽ പാർക്ക്, ഡീർ പാർക്ക്, കനാൽ തീരത്ത് പൂന്തോട്ടം, സിനിമ ലൊക്കേഷൻ, ഇലപ്പള്ളി വെള്ളച്ചാട്ടം, തുന്പച്ചി കുരിശുമല ആശ്രമം, 200 വർഷം പഴക്കമുള്ള കണ്ണിക്കൽ സിഎസ്ഐ പള്ളി എന്നിവയെ ബന്ധിപ്പിച്ച് പിൽഗ്രിം ടൂറിസം, കുളമാവ് വടക്കേപ്പുഴ ഹൈഡൽ ടൂറിസം, കുളമാവ് ഫാം ടൂറിസം എന്നിവ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് നടപ്പാക്കിയാൽ മൂലമറ്റത്തിന്റെ ടൂറിസം വികസനത്തിന് അനന്ത സാധ്യത ഉണ്ടെന്ന് ടൂറിസം കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടത്തിയ പഠന സെമിനാർ വിലയിരുത്തി.
പഞ്ചായത്ത് ടൂറിസം കൗണ്‍സിൽ കോ-ഓർഡിനേറ്റർ സണ്ണി കൂട്ടുങ്കൽ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ജോയി കിഴക്കേൽ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാർ, ജോസ് ഇടക്കര, ജോർജ് കന്പകത്തുങ്കൽ, ജോർജ് വെട്ടിക്കുഴി, കെ.കെ. ചന്ദ്രൻ, ജോസഫ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജില്ലാ കളക്ടർ, ഡിടിപിസി അധികൃതർ എന്നിവർക്ക് ടൂറിസം കൗണ്‍സിൽ തയാറാക്കിയ പഠന റിപ്പോർട്ട് കൈമാറി.