മുള്ളരിങ്ങാട് പാലം പുതുക്കി പണിയാത്തതിൽ പ്രതിഷേധം
1512572
Sunday, February 9, 2025 11:54 PM IST
മുള്ളരിങ്ങാട്: മലവെള്ളപ്പാച്ചിലിൽ തകർന്ന മുള്ളരിങ്ങാട് പാലം പുതുക്കിപ്പണിയാത്തതിൽ പ്രതിഷേധമുയരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ശക്തമായ മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പാലത്തിന്റെ ഒരുവശം തകർന്ന് അപകട ഭീഷണിയിലായത്. പാലത്തിന്റെ ഒരുഭാഗത്തെ കൈവരിയും തകർന്ന നിലയിലാണ്. പാലത്തിലൂടെ നഴ്സറി സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിനാളുകളാണ് ദിനംപ്രതി സഞ്ചരിക്കുന്നത്.
വണ്ണപ്പുറം പഞ്ചായത്തിലെ ഒന്ന്, 17 വാർഡുകളുടെ അതിർത്തിയിലാണ് പാലം സ്ഥിതിചെയ്യുന്നത്. രണ്ടുവാർഡുകളുടെ അതിർത്തിയായതിനാൽ ആർക്കും ഉത്തരവാദിത്വമില്ലാത്ത സ്ഥിതിയാണ്. ഈ പാലത്തിലൂടെ ചെറുവാഹനങ്ങൾ മാത്രമാണ് സഞ്ചരിക്കുന്നത്. അടുത്ത മഴക്കാലം ആരംഭിക്കുന്നതിനു മുന്പ് പാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയില്ലെങ്കിൽ പാലം തകരാനും ഇതുവഴിയുള്ള യാത്ര നിലയ്ക്കാനും സാധ്യതയേറെയാണ്.
ഇവിടെനിന്നു രണ്ടുകിലോമീറ്റർ അകലെയുള്ള പാലത്തിലൂടെ ചുറ്റി സഞ്ചരിക്കേണ്ടി വന്നാൽ കടുത്ത യാത്രാദുരിതമാകും ഉണ്ടാകുക. പാലം തകർന്നപ്പോൾ ജനപ്രതിനിധികളടക്കം സ്ഥലം സന്ദർശിക്കുകയും ഉടൻ അറ്റകുറ്റപ്പണി നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മുള്ളരിങ്ങാടിനോട് തികഞ്ഞ അവഗണനയാണ് ജനപ്രതിനിധികൾ പുലർത്തുന്നതെന്നാണ് ആരോപണം.
ഇടുക്കി-എറണാകുളം ജില്ലകളുടെ അതിർത്തിപ്രദേശമാണ് മുള്ളരിങ്ങാട്. കർഷകരും സാധാരണക്കാരും അധിവസിക്കുന്ന ഇവിടെ വികസനം ഇനിയും എത്തിയിട്ടില്ല. ഇതിനാവശ്യമായ ഇടപെടൽ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മുള്ളരിങ്ങാട് പള്ളിക്കവലയിലെ തകർന്ന പാലത്തിന്റെ അറ്റകുറ്റപണി പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ മുന്നറിയിപ്പു നൽകി.