കട്ടപ്പന നഗരസഭാ ഭരണസമിതിയുടെ കെടുകാര്യസ്ഥത: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നിരാഹാര സമരം നടത്തി
1513390
Wednesday, February 12, 2025 6:19 AM IST
കട്ടപ്പന: ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരേ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിനു മുന്നില്‍ നിരാഹാര സമരം നടത്തി. നഗരസഭയിലെ നിരവധി പദ്ധതികള്‍ എങ്ങുമെത്താത്ത സ്ഥിതിയാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
കല്ലുകുന്ന് വാര്‍ഡിലെ അസിപടി-പീടികപ്പുരയിടം റോഡിന് 45 ലക്ഷം രൂപ അനുവദിച്ചിട്ടും ഭരണസമിതിയുടെ അനാസ്ഥയില്‍ നിര്‍മാണം വൈകുകയാണ്. 2018 ഓഗസ്റ്റ് 15നാണ് മലവെള്ളപ്പാച്ചിലില്‍ 20 അടിയോളം താഴ്ചയിലേക്ക് റോഡ് ഇടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്. എംഎല്‍എ ഫണ്ടില്‍നിന്ന് 25 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 20 ലക്ഷവും അനുവദിച്ചിരുന്നു. എന്നാല്‍ ഏഴു വര്‍ഷമായിട്ടും റോഡിന്റെ എസ്റ്റിമേറ്റ് തയാറാക്കാന്‍പോലും നഗരസഭ തയാറായിട്ടില്ല.
മാസങ്ങള്‍ക്ക് മുമ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം കല്ലുകുന്നിലെത്തി മണ്ണ് പരിശോധന നടത്താമെന്ന് അറിയിച്ചിരുന്നു. ഇക്കാര്യം നഗരസഭാ അധികൃതരെ അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടി സ്വീകരിച്ചില്ല. യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരേ സമരം ശക്തമാക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം. തോമസ് സമരം ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, എം.സി. ബിജു, സാബു പുത്തന്‍വീട്ടില്‍, പി.വി. സുരേഷ്, മജീഷ് ജേക്കബ്, സുരേഷ് കൂത്രപ്പള്ളില്‍, റോഷന് ചുവപ്പുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.ആര്. സജി ഉദ്ഘാടനം ചെയ്തു.