പുരയിടത്തിലെ പുല്ലിന് തീപിടിച്ചു; ജനങ്ങളുടെ അശ്രദ്ധ വിനയാകുന്നു
1512574
Sunday, February 9, 2025 11:54 PM IST
തൊടുപുഴ: ഇടയ്ക്കാട്ടുകയറ്റം കാപ്പ് ഭാഗത്ത് പുരയിടത്തിലെ പുല്ലിന് തീപിടിച്ചു. സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകുകളിലേക്ക് തീ ആളിപ്പടർന്നത് ആശങ്ക പരത്തി. ഇന്നലെ രാവിലെ 11-ഓടെയാണ് സംഭവം. കാപ്പ് സ്വദേശിയായ പടിഞ്ഞാറേക്കരയിൽ രാമചന്ദ്രൻ നായരുടെ പുരയിടത്തിലെ ചപ്പുചവറുകൾ വൃത്തിയാക്കി തീയിടുന്നതിനിടെ സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകുകളിലേക്ക് ആളിപ്പടരുകയായിരുന്നു. വീട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
ഉടൻതന്നെ സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി. ഇടുങ്ങിയ വഴിയായതിനാൽ സേനയുടെ വലിയ വാഹനം തീപിടിത്തം ഉണ്ടായ സ്ഥലത്തേക്ക് എത്തിക്കാൻ പ്രയാസം നേരിട്ടു. തുടർന്നു വാട്ടർ മിസ്റ്റിൽ ജീവനക്കാർ സംഭവസ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. സമീപത്തെ റബർ തോട്ടത്തിലേക്ക് തീ പടരാതിരിക്കാനും ഫയർഫോഴ്സിന്റെ ഇടപെടൽ ഫലം കണ്ടു.
ആളുകളുടെ അശ്രദ്ധയാണ് പലപ്പോഴും തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. പകൽച്ചൂട് കൂടിയ സമയത്ത് തീയിട്ടാൽ അത് നിയന്ത്രണാതീതമായി മറ്റ് ഭാഗങ്ങളിലേക്ക് ആളിപ്പടരാൻ കാരണമാകുമെന്നും മറ്റു സമയങ്ങളിൽ ചപ്പുചവറുകളും മറ്റും കത്തിക്കുന്പോൾ വെള്ളവും പച്ചിലത്തൂപ്പും കരുതിവയ്ക്കണമെന്നും ഇവർ പറഞ്ഞു. ഈ വർഷം ഇതുവരെ തീപിടിത്തവുമായി ബന്ധപ്പെട്ട് തൊടുപുഴ ഫയർസ്റ്റേഷൻ പരിധിയിൽ 26 സംഭവങ്ങളാണുണ്ടായത്.