വധശ്രമം: ദന്പതികൾക്ക് ഒന്പതു വർഷം തടവ്
1512867
Tuesday, February 11, 2025 12:05 AM IST
തൊടുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ദന്പതികൾക്ക് ഒന്പത് വർഷം തടവും 30,000 രൂപ പിഴയും. വാളറ കിഴക്കേവിള ശശിയെ (58) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വാളറ ഒഴുകത്തടം സെറ്റിൽമെന്റിൽ മണിക്കുട്ടൻ എന്നു വിളിക്കുന്ന വിജയൻ (50), ഭാര്യ രജനി (46) എന്നിവരെയാണ് തൊടുപുഴ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
വധശ്രമത്തിന് നാലു വർഷവും ദേഹോപദ്രവം ഏൽപ്പിച്ചതിന് മൂന്നു മാസവും ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിന് ഒരു വർഷവും അതിക്രമിച്ചു കടന്നതിന് മൂന്നു വർഷവും ഭീഷണിപ്പെടുത്തിയതിന് ഒരു വർഷവുമാണ് തടവ്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴത്തുക പരിക്കേറ്റ ശശിക്കു നൽകാനും കോടതി വിധിച്ചു.
2019 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടിവി കണ്ടുകൊണ്ടിരുന്ന ശശിയെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതികൾ വെട്ടി പരിക്കേൽപിക്കുകയായിരുന്നു. വിജയന്റെ ബന്ധുവിനെതിരേ പോലീസെടുത്ത കഞ്ചാവ് കേസിൽ പോലീസിന് വിവരം നൽകിയത് ശശിയാണെന്ന വിരോധത്തിലാണ് ആക്രമണം നടത്തിയത്. അടിമാലി പൊലീസ് എസ്എച്ച്ഒ കെ. സദൻ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ് ഹാജരായി.