ചെമ്മണ്ണാർ-ഗ്യാപ് റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു, ഒരാൾക്കു പരിക്ക്
1512571
Sunday, February 9, 2025 11:54 PM IST
രാജാക്കാട്: അപകടങ്ങൾ തുടർക്കഥയായ ചെമ്മണ്ണാർ-ഗ്യാപ് റോഡിൽ ബൈസണ്‍വാലി ചൊക്രമുടിക്ക് സമീപം പാറക്കടയിൽ ഇരുചക്ര വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി റഷീദാണ് (18) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മലപ്പുറം ചങ്ങരംകുളം സ്വദേശി സുജിത്തിന് (18) സാരമായി പരിക്കേറ്റു.
റഷീദിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുജിത്ത് അടിമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 നാണ് അപകടമുണ്ടായത്. സഹപാഠികളായ നാലംഗ സംഘം രണ്ട് ഇരുചക്ര വാഹനങ്ങളിലാണ് മലപ്പുറത്തുനിന്ന് മൂന്നാർ സന്ദർശിക്കാൻ എത്തിയത്. മൂന്നാറും ചിന്നക്കനാലും സന്ദർശിച്ച ശേഷം ചെമ്മണ്ണാർ- ഗ്യാപ് റോഡ് വഴി ബൈസണ്‍വാലിക്ക് വരുന്പോൾ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടമറിഞ്ഞ നാട്ടുകാർ എത്തി ഇരുവരെയും അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും റഷീദ് മരിച്ചിരുന്നു.
രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ചെമ്മണ്ണാർ - ഗ്യാപ് റോഡ് നിർമാണത്തിനു ശേഷം രണ്ടുവർഷങ്ങൾക്കുള്ളിൽ നടക്കുന്ന 31-ാമത്തെ വാഹനാപകടമാണിത്.
വിവിധ വാഹന അപകടങ്ങളിലായി ഇതുവരെ 11 പേരാണ് മരിച്ചത്. ഇതിൽ കൂടുതലും ഇരുചക്ര വാഹന യാത്രക്കാരായിരുന്നു.