വീടുകളിൽ മോഷണം: അന്വേഷണം ഉൗർജിതം
1512562
Sunday, February 9, 2025 11:54 PM IST
വണ്ണപ്പുറം: പ്ലാന്റേഷൻകവല, കോഴിക്കവല ഭാഗത്ത് വീടുകളിൽനിന്നു സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. സിസിടിവി ദൃശ്യങ്ങളിൽനിന്നു മോഷ്ടാക്കളുടെ ചിത്രങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നുവരുന്നത്.
വേണ്ടാനത്ത് ജയിംസ്, കുന്നേൽ അരുണ്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. സമീപത്തെ ചില വീടുകളിൽ മോഷണ ശ്രമം നടന്നെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ രക്ഷപ്പെട്ടു.
വേണ്ടാനത്ത് ജയിംസിന്റെ വീട്ടിൽനിന്നു വളയും മോതിരവും ഉൾപ്പെടെ രണ്ടുപവൻ സ്വർണവും കുന്നേൽ അരുണിന്റെ വീട്ടിൽനിന്നു സ്വർണത്താലിയും 6,800 രൂപയുമാണ് മോഷണം പോയത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. സമീപത്തെ മറ്റൊരു വീടിനു സമീപത്തുകൂടി അപരിചതർ നടക്കുന്നതു വിദേശത്തുള്ള മകൻ സിസിടിവിയുമായി കണക്ട് ചെയ്തിട്ടുള്ള മൊബൈൽ ഫോണിൽ കണ്ടതോടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടുകാർ ഉടൻ കാളിയാർ പോലീസിൽ അറിയിച്ചു. ഇവർ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. മോഷണം നടന്ന പ്രദേശത്തെ മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
മോഷണക്കേസിൽ പിടിയിലായി സമീപനാളിൽ ജാമ്യത്തിലിറങ്ങിയവരുടെയും പതിവ് മോഷ്ടാക്കളുടെയും വിവരങ്ങൾ ലഭ്യമാക്കുന്നതിനായി പോലീസ് മറ്റു സ്റ്റേഷനുകളിലേക്കും വിവരങ്ങൾ കൈമാറിയതായും പോലീസ് പറഞ്ഞു.