വേനൽച്ചൂടിൽ തീപിടിത്തം വ്യാപകം
1512866
Tuesday, February 11, 2025 12:05 AM IST
തൊടുപുഴ: വേനൽ കടുത്ത് മലയോരം കരിഞ്ഞുണങ്ങി തുടങ്ങിയതോടെ ജില്ലയിൽ തീപിടിത്തം മൂലമുള്ള നാശനഷ്ടങ്ങൾ വർധിച്ചു. വേനൽച്ചൂട് വർധിക്കുന്നതിനൊപ്പമാണ് അടിക്കടി തീ പിടിത്തവും വ്യാപകമാകുന്നത്.
പകലും രാത്രിയും ചെറുതും വലുതുമായ നിരവധി ഫയർ കോളുകളാണ് ജില്ലയിലെ അഗ്നിശമന സേനാ യൂണിറ്റുകളിലേക്ക് എത്തുന്നത്. ജില്ലയിലെ എട്ടു യൂണിറ്റുകളിലേക്ക് ജനുവരി ഒന്നു മുതൽ കഴിഞ്ഞ ഞായറാഴ്ച വരെ തീ പിടിത്തവുമായി ബന്ധപ്പെട്ട് 90 ഫയർ കോളുകളാണ് എത്തിയത്. ചൂട് കൂടിയതോടെ തീ പിടിത്തമുണ്ടായെന്ന് അറിയിച്ച് ദിവസത്തിൽ രണ്ടാ മൂന്നോ കോളുകൾ ജില്ലയിലെ ഓരോ ഫയർ സ്റ്റേഷനിലേക്ക് എത്തുന്നുണ്ട്. തൊടുപുഴ ഫയർ സ്റ്റേഷനിൽ മാത്രം 28 കോളുകളാണ് എത്തിയത്.
തൊടുപുഴ താലൂക്കിൽ വ്യാപകമായാണ് തീപിടിത്തമുണ്ടാകുന്നത്. വീടുകളിൽ തീ പിടിക്കുന്നതും ചെറു കാടുകൾക്കടക്കം തീ പിടിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചിട്ടുണ്ട്. ഇതിനു പുറമേ പുകപ്പുരകളും കത്തി നശിക്കുന്നുണ്ട്. ലോറേഞ്ച്-ഹൈറേഞ്ച് വ്യത്യാസമില്ലാതെ കനത്ത ചൂടാണ് പകൽ സമയങ്ങളിൽ അനുഭവപ്പെടുന്നത്. പുരയിടങ്ങളിൽ തീ പിടിക്കുന്നതും കൂടിയിട്ടുണ്ട്. മാലിന്യവും കരിയിലയും കൂട്ടിയിട്ട് കത്തിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അഗ്നി രക്ഷാസേന അധികൃതർ പറയുന്നത്.
ജാഗ്രതയും
മുൻകരുതലും വേണം
കാറ്റിന്റെ സ്വാധീനവും തീ പിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. ശക്തമായ കാറ്റുണ്ടാകുന്പോൾ കരിയിലകൾ പറന്ന് അടുത്ത പുരയിടത്തിലേക്കും മറ്റും തീ എത്തും. അശ്രദ്ധമായി വലിച്ചെറിയുന്ന ചെറിയ സിഗരറ്റ് കുറ്റികൾ പോലും വലിയ തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. തോട്ടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും വനങ്ങളിലുമുണ്ടാകുന്ന തീപിടിത്തം മുൻ വർഷങ്ങളിൽ ജനങ്ങളുടെ സ്വത്തിനും ജീവനു തന്നെയും പല തവണ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഹെക്ടർ കണക്കിന് വനമേഖലയും കൃഷി സ്ഥലങ്ങളും വസ്തു വകകളുമാണ് ഓരോ വേനലിലും കത്തി നശിക്കുന്നത്.
കാട്ടുതീ പടരുന്ന മേഖലകളിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് ഫയർഫോഴ്സിനെ കുഴയ്ക്കുന്നത്. പലപ്പോഴും വാഹനത്തിന് എത്തിപ്പെടാൻ കഴിയാത്ത മേഖലകളിലായിരിക്കും കാട്ടു തീ പടർന്ന് പിടിക്കുന്നത്. പുൽമേടുകളിലും മറ്റും വെള്ളവുമായി വാഹനത്തിന് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമായതിനാൽ പ്രദേശവാസികളുടെയടക്കം സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. തീ പടർന്നാൽ അണയ്ക്കാൻ ആവശ്യമായ വെള്ളമുണ്ടെന്ന മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം ചപ്പുചവറുകൾ കത്തിക്കുന്നതിന് ശ്രമിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
അടിക്കാടുകൾക്ക് തീ പിടിച്ചു
തൊടുപുഴ മണക്കാട് പഞ്ചായത്തിലെ അരിക്കുഴ പാറക്കടവിൽ കൃഷിയിടത്തിലെ അടിക്കാടുകൾക്ക് തീ പിടിച്ചു. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. എംവിഐപിയുടെ അധീനതയിലുള്ള ഒന്നരയേക്കർ സ്ഥലത്തും, സമീപത്തു തന്നെയുള്ള സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലത്തുമാണ് തീ പടർന്നത്. സാമൂഹ്യവിരുദ്ധർ തീയിട്ടതാണെന്നാണ് സംശയം.
പ്രദേശം മുഴുവൻ അടിക്കാടുകൾ ഉണങ്ങിക്കിടന്ന അവസ്ഥയിലായിരുന്നതിനാൽ തീ അതിവേഗം എല്ലാ ഭാഗത്തേക്കും ആളിപ്പടർന്നു.
പ്രദേശവാസികൾ തീയണയ്ക്കാൻ നോക്കിയെങ്കിലും അഗ്നിബാധ നിയന്ത്രിക്കാനായില്ല. തുടർന്ന് നാട്ടുകാർ അഗ്നി രക്ഷാ സേനയുട സഹായം തേടുകയായിരുന്നു. ഉടൻതന്നെ തൊടുപുഴയിൽ നിന്നും സീനിയർ ഫയർ ഓഫീസർ ബിബിൻ എ. തങ്കപ്പന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. തീപിടിത്തം ഉണ്ടായ സ്ഥലത്തേക്കുള്ള റോഡ് ഇടുങ്ങിയതായതിനാൽ വളരെ പ്രയാസപ്പെട്ടാണ് സംഭവസ്ഥലത്ത് എത്തിയത്.
തുടർന്ന് ജീവനക്കാർ അരമണിക്കൂറോളം പരിശ്രമിച്ച് തീ നിയന്ത്രിക്കുകയായിരുന്നു. സമീപത്ത് വീടുകൾ ഉള്ളതിനാൽ തുടർന്നുള്ള തീപിടുത്ത സാധ്യത ഒഴിവാക്കാൻ എല്ലാ ഭാഗവും വെള്ളമൊഴിച്ച് നനയ്ക്കുകയും ചെയ്തു.
സീനിയർ ഫയർ ഓഫീസർമാരായ പി.ജി. സജീവ്, ജോബി കെ.ജോർജ്, ഫയർ ഓഫീസർമാരായ എസ്. ശരത്, ജയിംസ് നോബിൾ, സച്ചിൻ സാജൻ, ഹോം ഗാർഡ് എം.പി. ബെന്നി എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.