പെൻഷനുകൾ വർധിപ്പിക്കാത്തത് അവഗണന: വർഗീസ് വെട്ടിയാങ്കൽ
1512861
Tuesday, February 11, 2025 12:05 AM IST
ചെറുതോണി: അറുപത് വയസ് കഴിഞ്ഞ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കേരള ബജറ്റിൽ പെൻഷൻ വർധിപ്പിക്കാത്തത് കാർഷികമേഖലയോടുള്ള അവഗണനയാണെന്ന് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ. കർഷക യൂണിയൻ ജില്ലാ നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂനികുതി വർധിപ്പിച്ചിട്ടും 1600 രൂപ പെൻഷൻ 2000 രൂപയാക്കിപോലും ഉയർത്താത്തത് പ്രതിഷേധാർഹമാണ്. കാർഷികമേഖലയെ സംരക്ഷിക്കാൻ 5000 രൂപ പെൻഷൻ നൽകണമെന്ന് ഭരണ -പ്രതിപക്ഷ കക്ഷികളുടെ കർഷക, കർഷക തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെ പോകുന്നത് ഇടതുമുന്നണി സർക്കാരിന്റെ കർഷകരോടുള്ള ധാർഷ്ട്യമാണ്. കർഷക കടാശ്വാസ കമ്മീഷന് ബജറ്റിൽ തുക നീക്കിവയ്ക്കാത്തത് കടക്കെണിയിൽപ്പെട്ട കർഷകരെയും സഹകരണ ബാങ്കുകളെയും പ്രതികൂലമായി ബാധിക്കും.
കർഷകക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങളും ബജറ്റിൽ ഇല്ല. നെല്ല്, റബർ, ക്ഷീര കർഷക മേഖലകളെ അവഗണിച്ചിരിക്കുകയാണ്. വിവിധക്ഷേമനിധികളിൽനിന്ന് സർക്കാർ കടമെടുത്തത് തിരിച്ചുനൽകാത്തതു മൂലം ക്ഷേമനിധി ബോർഡുകൾ നൽകിവന്നിരുന്ന പെൻഷനുകൾ രണ്ട് വർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. കടം വാങ്ങിയ തുക തിരികെ കൊടുക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനവും ബജറ്റിൽ ഇല്ല .
60 വയസ് കഴിഞ്ഞ ക്ഷേമനിധി അംഗങ്ങൾ ഇതു മൂലം സാമ്പത്തിക പ്രതിസന്ധിയിലാണ്. കാർഷിക മേഖലയെ സഹായിക്കാനുള്ള നിർദ്ദേശങ്ങൾ ഇല്ലാത്തതിനെതിരേ കർഷകയുണിയൻ സംസ്ഥാന യോഗം കൂടി സംസ്ഥാന വ്യാപകമായി സമരങ്ങളാരംഭിക്കുമെന്ന് വെട്ടിയാങ്കൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബിനു ജോൺ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളി, അലക്സ് പൗവത്ത്, ബേബിച്ചൻ കൊച്ചുകരൂർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ടോമി കാവാലം, ടി.വി. ജോസുകുട്ടി, ജോബിൾ മാത്യു, പി.ജി. പ്രകാശൻ, ദേവസ്യ പന്തപ്ലാക്കാട്ടിൽ, മാത്യു ജോസഫ്, ജോസുകുട്ടി തുടിയംപ്ലാക്കൽ, ജോർജ് അരീപ്ലാക്കൽ, ഒ.ടി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുകിട വ്യാപാരികളെ
അവഗണിച്ചു: സണ്ണി പൈമ്പിള്ളിൽ
ചെറുതോണി: ബജറ്റിൽ ചെറുകിട വ്യാപാരികളെക്കുറിച്ച് ഒരു വാക്കുപോലും പരാമർശിക്കപ്പെട്ടില്ലെന്നത് ഖേദകരമാണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ.
കഴിഞ്ഞവർഷത്തെ ബജറ്റിൽ ചെറുകിട വ്യാപാരമേഖലയെക്കുറിച്ച് പഠനം നടത്തുമെന്നും ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, അതേക്കുറിച്ച് ഈ ബജറ്റിൽ മൗനം പാലിക്കുകയാണുണ്ടായത്.
വ്യാപാര മേഖലയിലെ മാന്ദ്യം മറികടക്കാൻ വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തണം. അതിനാവശ്യമായുള്ള യാതൊരു നടപടിയും ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. റബർ ഉൾപ്പെടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട താങ്ങുവില പ്രഖ്യാപിച്ച് കർഷകരുടെ വരുമാനം ഉയർത്തി ഗ്രാമീണ കേരളത്തിന്റെ പണലഭ്യത ഉയർത്തുന്ന നടപടിയാണ് വ്യാപാരികൾ പ്രതീക്ഷിച്ചിരുന്നത്. വ്യാപാരികളുടെ ക്ഷേമപെൻഷനുകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷയും ബജറ്റിൽ തകർന്നു.
വ്യാപാര ലൈസൻസ് ഫീസും തൊഴിൽ നികുതിയും ഉൾപ്പെടെ എല്ലാ ഫീസുകളും ഇരട്ടിയിലധികം വർധിപ്പിച്ച് വ്യാപാമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.