രാമക്കൽമേട്ടിൽ സൗര-കാറ്റ് ഊർജകേന്ദ്രം ഉടൻ
1513394
Wednesday, February 12, 2025 6:19 AM IST
നെടുങ്കണ്ടം: സംസ്ഥാനത്തെ ആദ്യത്തെ സൗര-കാറ്റ് ഊർജ കേന്ദ്രം ഉടൻ രാമക്കൽമേട്ടിൽ സജ്ജമാകും. രാമക്കൽമേട് അക്ഷയ സോളാർ പവർ പാർക്കാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ടെക്നീഷന്മാർക്ക് താമസിക്കുന്നതിനുള്ള കാബിനുകൾ രാമക്കൽമേട്ടിലെത്തിച്ചു. രണ്ടു ജീവനക്കാർക്കുള്ള കാബിനുകളാണ് എത്തിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ സൗര-കാറ്റ് ഊർജകേന്ദ്രമാണ് രാമക്കൽമേട് ആമപ്പാറയിലേത്. 16 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്.
അനർട്ട്, സിഡാക്, കെൽട്രോൺ ഏജൻസികളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു നിർമാണം. ആദ്യഘട്ടത്തിൽ നാലേക്കറോളം സ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിച്ചു. 11 കെവി ഫീഡർ വഴി തൂക്കുപാലം സബ് ഡിവിഷനിലേക്കാണ് ഇപ്പോൾ വൈദ്യുതി നൽകുന്നത്. പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിദിനം രണ്ടായിരം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
മുഴുവൻ സമയവും ജീവനക്കാരുള്ളതിനാൽ സോളാർ പാടത്തിന്റെ സുരക്ഷയും ഉറപ്പാക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. സിസിടിവി നിരീക്ഷണവും ഉടൻ ഏർപ്പെടുത്തും. ആമപ്പാറയിൽ എത്തുന്ന സഞ്ചാരികൾ പാനലുകൾക്ക് നാശനഷ്ടം വരുത്തുന്നതായും മുൻപ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിലുണ്ടായ തീപിടിത്തത്തിൽ പാനലുകളുടെ കേബിളുകളും കത്തിനശിച്ചിരുന്നു.
പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കാറ്റാടിപ്പാടം യൂണിറ്റുകൾ സ്ഥാപിക്കും. ഒരേസമയം കാറ്റിൽനിന്നും സൗരോർജത്തിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആമപ്പാറയിലെ അക്ഷയ ഊർജ പദ്ധതിയുടെ മൂന്നാംഘട്ടവും പൂർത്തിയാകുമ്പോൾ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് അനർട്ട് ലക്ഷ്യമിടുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച ഗ്രിഡ്-ടൈ ഇൻവെർട്ടർ സാങ്കേതികവിദ്യയിലാണ് ഊർജകേന്ദ്രം പ്രവർത്തിക്കുന്നത്. കൂടുതൽ സമയം പ്രകാശം ലഭിക്കുന്ന മേഖലയായ ആമപ്പാറയിൽനിന്നു പരമാവധി ഉത്പാദനം ലഭിക്കുമെന്ന് അനർട്ട് അധികൃതർ പറയുന്നു. 147 ഹെക്ടർ ഭൂമിയാണ് അനർട്ടിന് ഇവിടെയുള്ളത്. സൗരോർജപാർക്ക് നിലവിൽ വന്നതോടെ ആമപ്പാറയുടെ ടൂറിസം സാധ്യതകളും വർധിച്ചിട്ടുണ്ട്.
സഞ്ചാരികൾ അനധികൃതമായി സോളാർപാടത്തിൽ പ്രവേശിച്ച് പാനലുകൾക്ക് നാശനഷ്ടം വരുത്തുന്നതായും ജീപ്പ് സവാരിയുണ്ടാക്കുന്ന പൊടിപടലങ്ങൾ സോളാർപാനലുകളുടെ പ്രവത്തനക്ഷമതയെ ദോഷകരമായി ബാധിക്കുന്നതായി ആരോപിച്ച് അനർട്ട് സോളാർ പാടത്തിനുള്ളിലെ വഴിയും മുൻപ് അടിച്ചിരുന്നു.