പാതിവില തട്ടിപ്പ്: പ്രതിയുമായി ബന്ധമില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി
1513398
Wednesday, February 12, 2025 6:19 AM IST
തൊടുപുഴ: നിര്‍ധന കുടുംബത്തിന്റെ ഭവന നിര്‍മാണത്തിന് ധനസഹായം ചോദിച്ചതൊഴിച്ചാല്‍ ഇരുചക്ര വാഹന തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണനുമായി യാതൊരുവിധ സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി.
താനോ സ്റ്റാഫ് അംഗങ്ങളോ വ്യക്തിപരമായ ആവശ്യത്തിന് ഇയാളില്‍നിന്ന് സംഭാവന സ്വീകരിച്ചിട്ടില്ല. ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തി. എംപി എന്ന നിലയില്‍ തന്റെ മുന്നില്‍ സഹായം അഭ്യര്‍ത്ഥിച്ചുവന്ന നിര്‍ധനരായ ഒരു കുടുംബത്തിന് ഭവനം നിര്‍മിച്ചു നല്‍കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
അതിനുള്ള തുകയായ ഏഴു ലക്ഷം രൂപ മുഴുവന്‍ കൈമാറിയതും ആ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ക്കാണ്. അന്ന് അദ്ദേഹം കേസില്‍ പ്രതിയാകുകയോ ആരോപണം ഉയരുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്ന് ഭവന നിര്‍മാണത്തിന് സഹായം അഭ്യര്‍ഥിച്ചത്.
സാധാരണക്കാര്‍ക്ക് കൈത്താങ്ങാവുന്ന പദ്ധതി എന്ന നിലയിലാണ് എന്‍ജിഒ കോണ്ഫെഡറഷന്റെ പരിപാടിയില്‍ പങ്കെടുത്തത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ രാഷ്ട്രീയ പര്‍ട്ടികളുടെ നേതാക്കള്‍ ഈ സംഘടനയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് കമ്മിറ്റികളും പണം സ്വീകരിച്ചിട്ടില്ലെന്നു ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.