പെരിയാർ കടുവാ സങ്കേതത്തിൽ പക്ഷിസർവേ നടത്തി
1512573
Sunday, February 9, 2025 11:54 PM IST
കുമളി: പെരിയാർ കടുവ സങ്കേതത്തിൽ 2025 ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നുവരെ വരെ പക്ഷി സർവേ നടത്തി. ആവാസവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 28 സ്ഥലങ്ങളിലാണ് കണക്കെടുപ്പ് നടന്നത്.
കേരള കാർഷിക സർവകലാശാല, സെന്റർ ഫോർ വൈൽഡ്ലൈഫ് സ്റ്റഡീസ് - ബംഗളുരു, കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല, മലബാർ ക്രിസ്ത്യൻ കോളജ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥികളും സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ്- തിരുവനന്തപുരം, കോട്ടയം നേച്ചർ സൊസൈറ്റി, മലബാർ അവയർനസ് ആൻഡ് റെസ്ക്യു സെന്റർ ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകളിൽനിന്നുള്ള പ്രതിനിധികളും പക്ഷി വിദഗ്ധരും ഉൾപ്പടെ 54 പേർ വനംവകുപ്പ് ജീവനക്കാർക്കൊപ്പം കണക്കെടുപ്പിൽ പങ്കെടുത്തു.
കണക്കെടുപ്പിൽ 228 ഇനത്തിൽപ്പെട്ട പക്ഷികളെ കണ്ടെത്തി രേഖപ്പെടുത്തി. ഇവയിൽ വംശനാശ ഭീഷണി നേരിടുന്ന 16 എണ്ണവും ഉൾപ്പെടുന്നു. വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട 33 ഇനം പക്ഷികളും പശ്ചിമഘട്ടത്തിൽ മാത്രമായി കാണുന്ന 24 ഇനം പക്ഷികളും ഇവയിൽ ഉൾപ്പെടുന്നു.സർവേയുടെ ഭാഗമായി പെരിയാർ കടുവാ സങ്കേതത്തിൽ പുതിയ നാല് ഇനം പക്ഷികളെ കണ്ടെത്തി.
ഇതോടെ പെരിയാർ കടുവാ സങ്കേതത്തിൽ ഇതുവരെ കണ്ടെത്തിയ പക്ഷികളുടെ ഇനം 345 സ്പീഷീസുകൾ ആക്കി പുതുക്കി. സർവേയ്ക്ക് പെരിയാർ ഈസ്റ്റ്, വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർമാർ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർ പെരിയാർ ടൈഗർ കണ്‍സർവേഷൻ ഫൗണ്ടേഷനിലെ കണ്‍സർവേഷൻ ബയോളജിസ്റ്റ്മാർ എന്നിവർ നേതൃത്വം നൽകി.