മദ്യനിര്‍മാണ കമ്പനി ഉപേക്ഷിച്ചില്ലെങ്കില്‍ പ്രക്ഷോഭം: കെസിബിസി മദ്യവിരുദ്ധ സമിതി
1512864
Tuesday, February 11, 2025 12:05 AM IST
കൊച്ചി: യുവതലമുറയെ ലഹരിയില്‍ മുക്കിക്കൊല്ലുന്നതിനുള്ള ആസൂത്രിത നീക്കങ്ങള്‍ മദ്യലോബിയുമായി ചേര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി മധ്യമേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പാലക്കാട് കഞ്ചിക്കോട് ബ്രൂവറിയും ഡിസ്റ്റിലറിയും കൂടാതെ സംസ്ഥാനത്ത് വ്യാപകമായി ബിയര്‍, വൈന്‍ പാര്‍ലറുകളും യഥേഷ്ടം അനുവദിക്കുന്നത് ജനവഞ്ചനയാണ്. മദ്യനിര്‍മാണ കമ്പനി തുടങ്ങാനുള്ള സര്‍ക്കാര്‍ശ്രമം ഉപേക്ഷിക്കണം. ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷേഭം നടത്തുമെന്നും നേതൃയോഗം വ്യക്തമാക്കി.
ഇടുക്കി, മൂവാറ്റുപുഴ, കോതമംഗലം, എറണാകുളം-അങ്കമാലി, വരാപ്പുഴ, കൊച്ചി രൂപതകള്‍ ഉള്‍പ്പെടുന്നതാണ് സമിതി മധ്യമേഖല കമ്മിറ്റി.
26ന് കോട്ടയത്ത് നടക്കുന്ന കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തില്‍ മധ്യമേഖലയിലെ വിവിധ രൂപതകളില്‍ നിന്നായി ആയിരം പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗം സമിതി മധ്യമേഖല ഡയറക്ടര്‍ ഫാ. ആന്റണി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു.
ഫാ. ജോസഫ് ഷെറിന്, സി.എക്സ്. ബോണി, റോജസ് എം. ജോര്‍ജ്, എം.ഡി. റാഫേല്‍, ഷൈബി പാപ്പച്ചന്, ജെസി ഷാജി, ചെറിയാന് മുണ്ടാടന്‍, ജോണി കണ്ണാടന്‍, സെബിന് പ്രകാശ്, കെ.വി. ക്ലീറ്റസ്, അലക്സ് മുല്ലപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.