ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലി
1512859
Tuesday, February 11, 2025 12:05 AM IST
തൊടുപുഴ: ഒരാഴ്ചയ്ക്കുള്ളിൽ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ചിന്നാർ വന്യജീവീ സങ്കേതത്തിൽ വനാതിർത്തിയിൽ ഫയർ ലൈൻ തെളിക്കുന്ന ജോലിക്കിടെ തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുന്പെയാണ് വീണ്ടും പെരുവന്താനത്തിനു സമീപം കാട്ടാനയുടെ ആക്രമണത്തിനിരയായി ഇന്നലെ സ്ത്രീ മരിച്ചത്.
നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മായിൽ (45) ആണ് ഇന്നലെ പെരുവന്താനം ടീ ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ അതി ദാരുണമായി കൊല്ലപ്പെട്ടത്. ഏതാനും ദിവസം മുന്പ് മുള്ളരിങ്ങാട് അമയൽതൊട്ടിയിലും കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവിനെ ആന ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.
ജില്ലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ കുട്ടിക്കാനത്ത് വനം, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നിരുന്നു. അടിക്കടി ജില്ലയിൽ കാട്ടാനകളുടെ ആക്രമണത്തിനിരയായി മരിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടും ഇതിനു പരിഹാരം കാണുന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും തുടരുന്ന അലംഭാവം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയയെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും അമ്മയെ കാണാത്തതിനെത്തുടർന്ന് മകൻ അന്വേഷിച്ച ചെന്നപ്പോഴാണ് മരിച്ച നിലയിൽ സോഫിയയെ കണ്ടെത്തിയത്.
കഴിഞ്ഞ ആറിന് മറയൂർ ചന്പക്കാട് കുടിയിൽ താമസിക്കുന്ന വിമലൻ (57) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിൽ വനാതിർത്തിയിൽ ഫയർ ലൈൻ തെളിക്കുന്നതിനുള്ള ജോലിക്കു പോയപ്പോൾ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ 29നാണ് മുള്ളരിങ്ങാട് അമയൽ തൊട്ടിയിൽ പാലിയത്ത് അമർ ഇബ്രാഹിം (22) ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയ്ക്ക് സമീപമെത്തിയ ആന വളർത്തു പശുവിനെ അഴിക്കാനെത്തിയ അമറിനെ ആക്രമിക്കുകയായിരുന്നു. ഇവിടെ ഇപ്പോഴും ജനവാസ മേഖലയിൽ കാട്ടാന ഭീഷണി നിലനിൽക്കുകയാണ്. ഉറക്കമൊഴിച്ച് നാട്ടുകാർ നടത്തുന്ന പ്രതിരോധമാണ് കാട്ടാനകൾ ജനവാസ മേഖലകളിലേയ്ക്ക് കടക്കാതിരിക്കാൻ കാരണം.
അമർ ഇബ്രാഹിം ഉൾപ്പെടെ 2024ൽ ജില്ലയിൽ ഏഴു പേരെയാണ് കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. മൂന്നാർ തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ പരിമളം (44), പൂപ്പാറ ബിഎൽറാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർ രാജ്, കോയന്പത്തൂർ സ്വദേശി കെ. പോൾരാജ് (79), മൂന്നാറിലെ ഓട്ടോ ഡ്രൈവർ സുരേഷ് കുമാർ, അടിമാലി കാഞ്ഞിരവേലി സ്വദേശി ഇന്ദിര, ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) എന്നിവരും കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
വന്യമൃഗാക്രമണം: മുഖ്യമന്ത്രിക്ക്
പി.സി. തോമസിന്റെ വക്കീൽ നോട്ടീസ്
തൊടുപുഴ: വന്യമൃഗ ആക്രമണങ്ങൾ സംബന്ധിച്ച് കേരള ചട്ടങ്ങളിൽ വേണ്ടത്ര മാറ്റങ്ങൾ വരുത്താത്തതിനെതിരായും തെറ്റായ രീതിയിൽ കേരളത്തിലെ കൃഷിക്കാർക്കെതിരായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത് സംബന്ധിച്ചും മുഖ്യമന്ത്രി പിണറായി വിജയന് കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് വക്കീൽ നോട്ടീസ് അയച്ചു.
കേരള വനംനിയമ ചട്ടങ്ങളിൽ തോക്ക് ലൈസൻസ് ഉള്ളവർക്ക് സ്വയരക്ഷയ്ക്ക് പോലും വന്യമൃഗങ്ങളെ വെടിവയ്ക്കാൻ കഴിയില്ല. വനംനിയമപ്രകാരം ഒരാൾക്ക് കേസുണ്ടെങ്കിൽ അത് മൂലമോ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശം വന്യമൃഗ ആക്രമണം നേരിടുന്ന ഒരാൾക്ക് ലഭ്യമല്ല. ഈ ചട്ടങ്ങളിൽ മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി നടപടി സ്വീകരിക്കുന്നില്ല.
വന്യമൃഗാക്രമണം മൂലം കൊല്ലപ്പെട്ടാൽ മരിക്കുന്ന ആൾക്ക് പത്തുലക്ഷം രൂപയ്ക്ക് പകരം ഒരു കോടി രൂപ കൊടുക്കണമെന്ന് ഉൾപ്പെടെ നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചെയർമാനായ വൈൽഡ് ലൈഫ് ബോർഡ് കൃഷിക്കാരെ കുറ്റപ്പെടുത്തിയാണ് വന്യ മൃഗങ്ങളെ സംരക്ഷിക്കുന്നതിനെന്ന മട്ടിൽ അവർക്ക് സ്വയരക്ഷ പോലും നൽകാത്ത രീതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഈ കാര്യങ്ങൾ സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായി കോടതിയിൽ കേസ് നൽകുമെന്ന് പി.സി. തോമസ് നോട്ടീസിൽ അറിയിച്ചിട്ടുണ്ട്.