സ്റ്റോപ്പ് മെമ്മോ പിൻവലിച്ചെങ്കിലും റോഡ് നിർമാണം തടസപ്പെട്ടു
1494462
Saturday, January 11, 2025 11:22 PM IST
വണ്ണപ്പുറം: വനംവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചെങ്കിലും നെയ്യശേരി -തോക്കുന്പൻ സാഡിൽ റോഡ് നിർമാണം തടസപ്പെട്ടു. സ്റ്റോപ്പ് മെമ്മോ പിൻ വലിച്ചെങ്കിലും നിർമാണം തുടങ്ങാൻ തയാറല്ലെന്നാണ് കരാർ കന്പനിയുടെ നിലപാട്. ആഴ്ചകൾക്ക് മുന്പ് നാരങ്ങാനം മുണ്ടൻമുടി ഭാഗത്ത് റോഡരികിൽ അപകടാവസ്ഥയിൽ നിന്ന മരങ്ങൾ ദുരന്തനിവാരണ അഥോറിറ്റിയുടെ അനുമതിയോടെ മുറിച്ച് റോഡരികിൽ കൂട്ടിയിരുന്നു. പേരിൽ കെഎസ്ടിപിക്കും കരാർ കന്പനിക്കുമെതിരേ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാൽ കേസുമായി വനം വകുപ്പുമായി കെഎസ്ടിപിയും കരാർ കന്പനിയും സഹകരിച്ചിരുന്നില്ല.
സ്റ്റോപ്പ് മെമ്മോ പിൻവലിച്ചുള്ള കത്തിൽ കേസുമായി സഹകരിക്കണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ജീവനക്കാരെ കേസിൽ ഉൾപ്പെടുത്തുന്നതിന് തുല്യമാണെന്നും കന്പനി അധികൃതർ പറഞ്ഞു. നിലവിൽ എടുത്തിട്ടുള്ള കേസിൽനിന്നു കെഎസ്ടിപിയെയും കരാർ കന്പനി ജീവനക്കാരെയും ഒഴിവാക്കാതെ റോഡ് നിർമാണം തുടങ്ങില്ലെന്നാണ് ഇവരുടെ നിലപാട്. കാളിയാർ റേഞ്ച് ഓഫീസർ ടി.കെ. മനോജാണ് റോഡ് നിർമാണത്തിനെതിരേ സ്റ്റോപ്പ് മെമ്മോ നൽകിയത്.
നിർമാണത്തിന് കരാർ കന്പനി തയാറാകാത്ത സാഹചര്യത്തിൽ നാട്ടുകാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോഡ് പൂർത്തിയാകുന്ന കാര്യം അനിശ്ചിതത്വത്തിലായി. റേഞ്ച് ഓഫീസറുടെ നടപടി മൂലം മൂന്നു പഞ്ചായത്തുകളിലെ വികസനമാണ് തടസപ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വികസനപ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വനം മന്ത്രി, ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ എന്നിവർക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. റോഡ് നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടിക്കും ഒരുങ്ങുകയാണ്.