യുഡിഎഫ് സമരപ്രഖ്യാപന കണ്വൻഷൻ നടത്തി
1494459
Saturday, January 11, 2025 11:22 PM IST
ചെറുതോണി: യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും വനനിയമ ഭേദഗതിക്കെതിരേ സമര പ്രഖ്യാപനവും നടത്തി. തോപ്രാംകുടിയിൽ സംഘടിപ്പിച്ച സമരപ്രഖ്യാപനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിലും സുപ്രീം കോടതിയിലും സമയബന്ധിതമായി സംസ്ഥാന സർക്കാർ വ്യക്തമായ റിപ്പോർട്ട് നൽകാത്തതാണ് അടിക്കടി കോടതിയിൽ നിന്നു കർഷകർക്ക് എതിരായ ഉത്തരവുകൾ ഉണ്ടാകാൻ കാരണമെന്ന് എംപി പറഞ്ഞു.
വനംവകുപ്പ് നടപ്പാക്കുന്ന നിയമങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്.
തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ ഇത്തരത്തിൽ ജനദ്രോഹ നിലപാടെടുക്കുന്നത് മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണ്.
മുഖ്യമന്ത്രിയുടെ അനുയായികൾ സർക്കാരിനെതിരേ സമരം സംഘടിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും എംപി ആരോപിച്ചു. വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഡിസിസി സെക്രട്ടറി ജയ്സണ് കെ. ആന്റണി, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ്, ജയ്സണ് കെ. ആന്റണി, അഡ്വ. കെ.കെ. മനോജ്, വി.എ. ഉലഹന്നാൻ തുടങ്ങിയവർ പ്രസംഗിച്ചു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക്, പഞ്ചായത്തംഗങ്ങൾ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.