വെർച്വൽ അറസ്റ്റും ഭീഷണിയും: ദന്പതികളുടെ പണം തട്ടാൻ ശ്രമം
1494463
Saturday, January 11, 2025 11:22 PM IST
തൊടുപുഴ: ദന്പതികളെ വെർച്വൽ അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമം. ബാങ്കധികൃതരുടെ സമയോചിത ഇടപെടൽ മൂലം പണം നഷ്ടമായില്ല. ഇന്നലെ പടി കോടിക്കുളത്താണ് സംഭവം. ചെറുകിട വ്യവസായിയായ കളപ്പുരക്കുന്നേൽ തോമസ്-മേഴ്സി ദന്പതികളെയാണ് തട്ടിപ്പ് സംഘം വെർച്വൽ അറസ്റ്റിലൂടെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയത്. ഉച്ചയ്ക്ക് രണ്ടോടെ എസ്ബിഐ ഹൈദരാബാദ് ബ്രാഞ്ചിൽനിന്നാണെന്നു പറഞ്ഞ് തോമസിന്റെ ഫോണിലേക്ക് വിളിയെത്തി.
നിങ്ങൾ ക്രെഡിറ്റ് കാർഡുപയോഗിച്ച് ഒരുലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഉടൻ പണം തിരിച്ചടയ്ക്കണമെന്നുമായിരുന്നു നിർദേശം. എന്നാൽ തങ്ങൾക്ക് ക്രെഡിറ്റ് കാർഡില്ലെന്നും പണം ചെലവഴിച്ചിട്ടില്ലെന്നും അറിയിച്ചെങ്കിലും ഡൽഹി കാനറാ ബാങ്ക് ശാഖയിൽനിന്നുമാണ് പണം പിൻവലിച്ചിരിക്കുന്നതെന്നും ഇതിന്റെ എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നുമായിരുന്നു മറുപടി. അങ്ങനെയെങ്കിൽ എത്രയും വേഗം ഡൽഹി പോലീസിൽ പരാതി നൽകാനും നിർദേശിച്ചു.
ഇവിടെയുള്ള ഞങ്ങൾ എങ്ങനെ പരാതി നൽകുമെന്ന് ചോദിച്ചതോടെ പരാതി ഞങ്ങൾ നൽകാമെന്നും ഫോണ് കട്ട് ചെയ്യേണ്ട നിങ്ങളെ ഇപ്പോൾ തന്നെ സ്റ്റേഷനിൽനിന്ന് അവർ വിളിക്കുമെന്നും പറഞ്ഞു. ഉടൻ തന്നെ ഡൽഹി പോലീസിലെ എസ്ഐയാണെന്നു പറഞ്ഞ് പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടയാൾ ദന്പതികളെ ചോദ്യം ചെയ്തു.
തങ്ങൾക്ക് ക്രെഡിറ്റ് കാർഡില്ലെന്നും യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്നും പറഞ്ഞതോടെ ഞങ്ങളുടെ ഓഫീസർക്ക് ഫോണ്നൽകാം അവരുമായി സംസാരിക്കാൻ പറഞ്ഞ് ഫോണ് കൈമാറി. മുഖം കാണിക്കാതെ വീഡിയോകോളിൽ സംസാരിച്ച വനിതാ പോലീസ് ഓഫീസർ ദന്പതികളോട് ആധാർ നന്പർ നൽകാൻ ആവശ്യപ്പെട്ടു. നന്പർനൽകിയതോടെ ഈ ആധാർനന്പർ ഉപയോഗിച്ച് ഏറെ പണ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പണം നഷ്ടപ്പെട്ട ഒരാൾ ജീവനൊടുക്കിയതായും തട്ടിപ്പിനിരയായ ഏതാനും പേർ സ്റ്റേഷനിലെത്തി കരഞ്ഞുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
ഇങ്ങനെയെല്ലാം പറയുന്പോഴും ദന്പതികളുടെ മുഖത്ത് കാര്യമായ ഭാവവ്യത്യാസം പ്രകടമായില്ല. ഇതോടെ നിങ്ങൾക്ക് വിഷയത്തിന്റെ ഗൗരവം മനസിലായില്ലേയെന്നും രാജ്യദ്രോഹക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും ഉടൻ തന്നെ ഡൽഹിയിലെ സ്റ്റേഷനിൽ ഹാജരാകേണ്ടി വരുമെന്നും വിദേശത്തുള്ള മക്കൾ ഉൾപ്പെടെ വരേണ്ടിവരുമെന്നുമായി അടുത്ത ഭീഷണി. തത്കാലം വിവരം ആരോടും പറയേണ്ടതില്ലെന്നും മുറിക്ക് പുറത്തുപോകരുതെന്നും ഇതിനിടെ പറഞ്ഞു.
ഏതെല്ലാം ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും എത്രരൂപയുണ്ടെന്നും മക്കൾ എവിടെയാണെന്നും ഇവർക്ക് എന്താണ് ജോലി തുടങ്ങിയ വിവരങ്ങൾ ചോദിച്ചറിയാനും ശ്രമം നടന്നു. തങ്ങൾ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും നിരപരാധികളാണെന്നും ആവർത്തിച്ചു പറഞ്ഞതോടെ എങ്കിൽ നിങ്ങളെ സഹായിക്കാൻ സാധിക്കുമോയെന്നു നോക്കട്ടേയെന്നും തങ്ങൾ നൽകുന്ന നന്പറിലേക്ക് 50,000 രൂപ ഗൂഗിൾപേ ചെയ്യണമെന്നും നിങ്ങളുടെ ആധാർനന്പർ പരിശോധിച്ച് നിരപരാധികളാണെന്നു ബോധ്യപ്പെട്ടാൽ പണം അക്കൗണ്ടിലേക്ക് മടക്കി അയയ്ക്കുമെന്നും പറഞ്ഞതോടെ ഇവർ 50,000 രൂപ ഗൂഗിൾ പേ ചെയ്തു. ഉടൻ തന്നെ ഹൈദരാബാദിലെ എസ്ബിഐ ഓഫീസിൽനിന്നും ഫോണ്വിളിയെത്തി. നിങ്ങൾ ആർക്കാണ് പണം അയച്ചതെന്നു ചോദിച്ചു.
അപ്പോൾ നടന്ന സംഭവങ്ങൾ പറഞ്ഞപ്പോൾ ഇതു തട്ടിപ്പാണെന്നും പണം ഒഡീഷയിലുള്ള ഒരാളുടെ അക്കൗണ്ടിലേക്ക് അയച്ചതെന്നും തങ്ങൾ പണം നഷ്ടപ്പെടാതെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഉടൻ അടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകാനും നിർദേശിച്ചു. തോമസിന്റെ ഫോണിലേക്കാണ് ബാങ്കിൽനിന്നു വിളിയെത്തിയത്. തട്ടിപ്പ് സംഘം ഈ സമയത്തും ഭാര്യമേഴ്സിയുടെ ഫോണിൽ വീഡിയോ കോളിലായിരുന്നു. ബാങ്കുകാർ പറഞ്ഞവിവരം ഭാര്യയോട് പറയുന്നതു ശ്രദ്ധയിൽപ്പെട്ട തട്ടിപ്പുസംഘം ഉടൻ ഫോണ് കട്ടാക്കുകയായിരുന്നു. പിന്നീട് ആ നന്പറിലേക്ക് വിളിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച വെർച്വൽ അറസ്റ്റ് അവസാനിച്ചത് വൈകുന്നേരം അഞ്ചോടെയാണ്. ഈസമയം വരെ ദന്പതികളെ ഇരിക്കുന്ന സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് മാറാൻ പോലും സംഘം അനുവദിച്ചില്ല. ആദ്യം ഇംഗ്ലീഷിലാണ് സംസാരം ആരംഭിച്ചത്. തങ്ങൾക്ക് ഭാഷ വശമില്ലെന്നു പറഞ്ഞതോടെ മലയാളം അറിയാവുന്ന ആളെ ദ്വിഭാഷിയായി നൽകാനും തട്ടിപ്പ് സംഘം തയാറായി. എസ്ബിഐ ബാങ്കിന്റെ സമയോചിത ഇടപെടലിനെത്തുടർന്നാണ് ദന്പതികളുടെ പണം നഷ്ടമാകാതിരുന്നത്.
മുംബൈ, കോൽക്കത്ത, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് റബർബാൻഡ് കയറ്റി അയയ്ക്കുന്നതിനാൽ വിവിധ സ്ഥാപനങ്ങളുമായി പണമിടപാട് നടത്തുന്ന തോമസ് തന്റെ ആധാർനന്പർ ഉപയോഗിച്ച് തട്ടിപ്പുനടത്തിയതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പണം നൽകാൻ തയാറായത്. സംഭവത്തിൽ ദന്പതികൾ തൊടുപുഴ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.