വഴിയോരക്കടയ്ക്ക് ചുറ്റും കോഴിമാലിന്യം വിതറി
1494461
Saturday, January 11, 2025 11:22 PM IST
രാജാക്കാട്: ബൈസൺവാലി പഞ്ചായത്തിലെ പോതമേട് ഒറ്റമരത്ത് റോഡിന്റെ വശത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭമായ വഴിയോരക്കടയ്ക്ക് ചുറ്റും കോഴി വിസർജ്യം വിതറിയതായി പരാതി.
മറ്റു കച്ചവട സംരംഭങ്ങൾ ഒന്നുമില്ലാത്ത ഒറ്റമരത്ത് രണ്ടുമാസം മുമ്പാണ് ഇരുപതേക്കറിലുള്ള ഭാവന കുടുംബശ്രീയുടെ നേതൃത്വത്തിൽ നിർധന കുടുംബം വഴിയോരക്കച്ചവടം ആരംഭിച്ചത്. ഇവിടെ ചായ, ശീതളപാനീയങ്ങൾ, കഞ്ഞി തുടങ്ങിയ ഭക്ഷണസാധനങ്ങൾ ലഭ്യമായിരുന്നു.
ഒറ്റമരത്തും സമീപപ്രദേശത്തും റിസോർട്ടിൽ താമസിക്കുന്ന സഞ്ചാരികൾക്കും അവിടുത്തെ ജീവനക്കാർക്കും കട വലിയ അനുഗ്രഹമായിരുന്നു.
ബുധനാഴ്ച്ച രാവിലെയാണ് കടയോട് ചേർന്ന് റോഡിന്റെ വശത്ത് ചാക്കിൽ കെട്ടി കോഴി വിസർജ്യങ്ങൾ ഇറക്കിവച്ചത്. അടുത്ത ഈ മാലിന്യങ്ങൾ ചാക്കിൽനിന്ന് മാറ്റി കടയ്ക്ക് ചുറ്റും നിരത്തി ഇട്ടിരിക്കുകയാണ്.
വഴിയോരക്കട സ്ഥിതിചെയ്യുന്ന റോഡിന്റെ വശത്തുള്ള തോട്ടം ഉടമ ഏലത്തോട്ടത്തിലേക്ക് കൊണ്ടുവന്ന കോഴി വിസർജ്യമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നത് എന്നാണ് കടയുടമ ആരോപിക്കുന്നത്.
ഏലത്തോട്ടത്തിന് നടുവിൽ റിസോർട്ട് നടത്തുന്ന തോട്ടം ഉടമ കട ഇവിടെനിന്ന് നീക്കം ചെയ്യണമെന്ന് നേരത്തേ ആവശ്യപ്പെട്ടതായും കടയുടമ പറയുന്നു.
സംഭവത്തിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇതു സംബന്ധിച്ച് വനിത കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് കടയുടമ പറഞ്ഞു. പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും കുടുംബശ്രീ മിഷനിലും പരാതി നൽകി.