വണ്ടിപ്പെരിയാറിൽ വൻ അഗ്നിബാധ; ആറു വ്യാപാരസ്ഥാപനങ്ങൾ കത്തി നശിച്ചു
1494456
Saturday, January 11, 2025 11:22 PM IST
വണ്ടിപ്പെരിയാർ: ടൗണിൽ വൻ അഗ്നിബാധ. ആറുവ്യാപാര സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. നാലുമണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീയണയ്ക്കാനായത്.
ടൗണിലെ പശുമല ജംഗ്ഷനിലെ കെ.ആർ.ബിൽഡിംഗിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. സ്പെഷൽ പോലീസ് ഉദ്യോഗസ്ഥരാണ് കെട്ടിടത്തിന് തീപിടിച്ച വിവരം ആദ്യം അറിയുന്നത്. ഇവർ വണ്ടിപ്പെരിയാർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. പീരുമേട് ഫയർ സ്റ്റേഷനിലെ രണ്ടു യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും വെള്ളം തീർന്നതോടെ രക്ഷാപ്രവർത്തനം തടസപ്പെട്ടു. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ ശബരിമല കാന്റീൻ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ജലം ഉപയോഗിച്ചും നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ കഠിനശ്രമവും ഫലം കാണാതെ വന്നതോടെ കാഞ്ഞിരപ്പള്ളിയിൽനിന്നും കട്ടപ്പനയിൽനിന്നും കൂടുതൽ അഗ്നി രക്ഷായൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പുലർച്ചെ രണ്ടിന് ആരംഭിച്ച രക്ഷാപ്രവർത്തനം മണിക്കൂറുകൾ നീണ്ടു. രാവിലെ ആറോടെയാണ് തീ പൂർണമായും അണയ്ക്കാനായത്. കെആർ ബിൽഡിംഗിൽ പ്രവർത്തിച്ചു വന്നിരുന്ന അരുൾ എന്റർപ്രൈസസ്, അമീർ സ്പെയർപാർട്സ്, സെന്റ് ആന്റണീസ് ഹോം അപ്ലയൻസസ്, ഗ്ലീറ്റ്സ് ഫാൻസിസ്റ്റോഴ്സ്, ഗ്ലോറി കന്പ്യൂട്ടർ സെന്റർ, ചോയ്സ്ഡ്രൈവിംഗ് സ്കൂൾ ഓഫീസ് എന്നീ സ്ഥാപനങ്ങളാണ് അഗ്നിക്കിരയായത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അരുൾ എന്റർപ്രൈസസ് എന്ന വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽനിന്നാണ് തീ പടർന്നതെന്നാണ് അനുമാനം. ബ്രിട്ടിഷ് ഭരണകാലത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള തടിയും കല്ലും കൊണ്ടു നിർമിച്ച കെട്ടിടമായിരുന്നതിനാൽ അഗ്നി ബാധയുടെ വ്യാപ്തി വർധിച്ചു. കോടികളുടെ നഷ്ടമാണുണ്ടായത്. സംഭവം സംബന്ധിച്ച് ഫോറൻസിക് വിദഗ്ധരടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.