തൊടുപുഴയിൽ പനി വ്യാപകം: പ്രതിരോധ പ്രവർത്തനം ഉൗർജിതം
1494464
Saturday, January 11, 2025 11:22 PM IST
തൊടുപുഴ: നഗരത്തിൽ വൈറൽപ്പനി വ്യാപകമായതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി. വൈറൽ പനിക്കൊപ്പം നഗരപ്രദേശങ്ങളിൽ ഡെങ്കിപ്പനിയും ചിക്കൻപോക്സും വ്യാപിക്കുന്നുണ്ട്. തൊടുപുഴ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് മന്ത് രോഗം സ്ഥിരീകരിച്ചതോടെ ഫൈലേറിയ, മലേറിയ പരിശോധനയും ആരോഗ്യവകുപ്പ് തുടങ്ങി.
ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലെത്തി രക്തസാന്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്. മന്ത് പരിശോധനയ്ക്കായി രാത്രിയാണ് രക്തം ശേഖരിക്കേണ്ടത്. ഫീൽഡ് അസിസ്റ്റന്റുമാരായ അനീഷ് മാത്യു, കെ.എസ്. ആഷ, ലാബ് ടെക്നീഷൻ പി.കെ. നിഷ, ഫീൽഡ് വർക്കർ നസീന കരീം എന്നിവരാണ് നഗരമേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡെങ്കിപ്പനി സ്ഥിരീകരിച്ച വീടുകളിൽ ഫോഗിംഗ് നടത്തുന്നുണ്ട്.