കത്തിയമർന്നത് നൂറ്റാണ്ടിന്റെ ചരിത്രശേഷിപ്പുകളുടെ കെട്ടിടം
1494457
Saturday, January 11, 2025 11:22 PM IST
വണ്ടിപ്പെരിയാർ: വെള്ളിയാഴ്ച രാത്രിയുണ്ടായ അഗ്നിബാധയിൽ കത്തിയമർന്നത് നൂറ്റാണ്ടിന്റെ ചരിത്ര ശേഷിപ്പുകളുള്ള കെട്ടിടം. വണ്ടിപ്പെരിയാറിലാണ് ടിടി കന്പനിയുടെ ഈ കെട്ടിടം പ്രവർത്തിച്ചിരുന്നത്. 1920-25 കാലയളവിലാണ് കെട്ടിടം നിർമിച്ചത്. ഇടുക്കി ജില്ലയിലെ തന്നെ അക്കാലത്തെ തലയെടുപ്പുള്ള കെട്ടിടങ്ങളിലൊന്നായിരുന്നു ഇത്.
സുർക്കി മിശ്രിതവും തേക്കിൻതടിയും ഉപയോഗിച്ച് ഏറെ മനോഹാരിതയിലായിരുന്നു നിർമാണം. കന്പനിയുടെ തേയില, സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കൊച്ചിതുറമുഖത്തേക്ക് കൊണ്ടുപോകുന്നതിനു മുന്പ് ഇവിടെയായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. കന്പനിയുടെ ഓഫീസും ഇതിൽ പ്രവർത്തിച്ചിരുന്നു.
വണ്ടിപ്പെരിയാറിൽ പാലം നിർമാണം പൂർത്തിയായതോടെ ബ്രിട്ടീഷ് ഭരണകാലത്തെ പ്രധാന ടൗണുകളിൽ ഒന്നായി വണ്ടിപ്പെരിയാർ മാറിയിരുന്നു. മാർക്കറ്റ്, മുൻ എക്സൈസ് ഓഫീസ് എന്നിവയും ഇവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത്.
കെ.ആർ. ശങ്കറായിരുന്നു അന്നത്തെ കന്പനി മാനേജർ. ബ്രിട്ടീഷുകാർ മടങ്ങിപ്പോയതിനു ശേഷം കെആർഎസ് ട്രാൻസ്പോർട്ടിംഗ് കന്പനിയുടെ ഓഫീസും ഇവിടെയായിരുന്നു. പിന്നീട് ഇവിടെ കെആർഎസ് തിയറ്റർ സ്ഥാപിച്ചു. ഏതാനുംവർഷം മുന്പ് കെആർഎസ് കുടുംബം ഇവിടെനിന്നു നാട്ടിലേക്ക് മടങ്ങിയതിനു ശേഷം കെട്ടിടം വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ഇപ്പോൾ കെആർഎസിന്റെ ഇളയമകൾ കെ.എസ്. ലതയുടെ പേരിലാണ് കെട്ടിടം. നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച കെട്ടിടമാണ് അഗ്നിബാധയിൽ നശിച്ചത്.
അടിയന്തരസഹായം നൽകണം: വ്യാപാരികൾ
വണ്ടിപ്പെരിയാർ: പശുമല ജംഗ്ഷനിലെ കെആർ ബിൽഡിംഗിലുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അടിയന്തര സഹായം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ ആവശ്യപ്പെട്ടു. വ്യാപാര മേഖല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിത്തത്തിൽ ഉണ്ടായത് ഭീമമായ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലകൂടിയായ വണ്ടിപ്പെരിയാറിലോ കുമളിയിലോ അടിയന്തരമായി ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, വണ്ടിപ്പെരിയാർ യൂണിറ്റ് പ്രസിഡന്റ് എസ്. അൻന്പുരാജ്, സെക്രട്ടറി റിയാസ് അഹമ്മദ് തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.