റോഡ് നിർമാണത്തിനെത്തിച്ച വസ്തുക്കൾ കരാറുകാരൻ തിരികെ കൊണ്ടുപോയി
1494460
Saturday, January 11, 2025 11:22 PM IST
ചെറുതോണി: റോഡ് നിർമാണത്തിനായി എത്തിച്ച വസ്തുക്കൾ കരാറുകാരൻ തിരികെകൊണ്ടു പോയതായി പരാതി.
വാത്തിക്കുടി പഞ്ചായത്തിലെ സേനാപതി - കോനാട്ടുപടി -കള്ളിപ്പാറ റോഡിന്റെ നിർമാണത്തിന് കൊണ്ടുവന്ന മെറ്റലും ടാറും ഉൾപ്പടെയുള്ള സാധനങ്ങളാണ് നിർമാണമാരംഭിക്കാതെ കരാറുകാരൻ തിരികെ ലോറിയിൽ കയറ്റിക്കൊണ്ടുപോയത്. ഫ്ലെഡ് സ്കീമിൽപ്പെടുത്തി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കേണ്ട ഗ്രാമീണ റോഡിന്റെ നിർമാണമാണ് ഇതോടെ മുടങ്ങിയത്.
2023- 24 വർഷത്തിലാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സേനാപതി - കോനാട്ടുപടി - കള്ളിപ്പാറ റോഡിനായി അഞ്ചു ലക്ഷം രൂപ വകയിരുത്തിയിരുന്നു. പണികൾ ടെണ്ടർ ചെയ്തപ്പോൾ ഏറ്റെടുത്ത കരാറുകാരൻ നിർമാണത്തിനാവശ്യമായ വസ്തുക്കൾ സ്ഥലത്ത് ഇറക്കുകയും ചെയ്തു. പണി ചെയ്യാതെ മാസങ്ങളായി റോഡുവക്കിൽ കിടന്നിരുന്ന മെറ്റലും ടാറും കഴിഞ്ഞ രാത്രിയാണ് കരാറുകാരൻ തിരികെ കൊണ്ടുപോയത്. ഇത് സംബന്ധിച്ച് നാട്ടുകാർ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിനെ സമീപിച്ചപ്പോൾ പദ്ധതി നടപ്പാക്കാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും പറയുന്നു. വർഷങ്ങളായി തകർന്ന റോഡിന്റെ പുനരുദ്ധാരണം നാട്ടുകാർ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്.
പദ്ധതി അട്ടിമറിച്ചതിനെതിരേ നടപടി ഉണ്ടായില്ലെങ്കിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും സമരവും സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.