റോഡ് നിർമിക്കണമെന്ന ആവശ്യം ശക്തം
1490128
Friday, December 27, 2024 4:07 AM IST
ആലക്കോട്: ആലക്കോട്-ഇഞ്ചിയാനി-അഞ്ചിരി-മലങ്കര റോഡ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആലക്കോട് ടൗണിൽ നിന്നും ഇടിവെട്ടിപ്പാറ വഴി അഞ്ചിരിക്കുള്ള റോഡ് മലങ്കര എസ്റ്റേറ്റ് വരെ ഇതിനോടകം നിർമാണം പൂർത്തിയായിട്ടുണ്ട്.
ഇവിടെ നിന്നും റോഡിന് സ്ഥലം എസ്റ്റേറ്റ് അധികൃതർ വിട്ടുനൽകിയാൽ മലങ്കര ഡാം വഴി റോഡ് മുട്ടത്തേക്ക് എത്തിക്കാനാകും. റോഡ് പൂർത്തിയായാൽ വിനോദസഞ്ചാര കേന്ദ്രങ്ങളായ തൊമ്മൻകുത്തിനെയും ഇലവീഴാപൂഞ്ചിറയെയും ബന്ധിപ്പിക്കാനാകും.
അതുവഴി സ്വദേശിയരും വിദേശികളുമായ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനും കഴിയും. അഞ്ചിരി മിനർവ ക്ലബ് പബ്ലിക് ലൈബ്രറിയിൽചേർന്ന യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് തങ്കച്ചൻ കളരിക്കത്തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. മാത്യു കയ്യാലകത്ത്, വി.എം. ജോണ്, പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം എന്നിവർ പ്രസംഗിച്ചു.
ഈ ആവശ്യം ഉന്നയിച്ച് പി.ജെ.ജോസഫ് എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി, ജില്ലാ കളക്ടർ, മലങ്കര എസ്റ്റേറ്റ് അധികൃതർ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.