മതസൗഹാർദ കൂട്ടായ്മ കരോൾ നടത്തി
1490111
Friday, December 27, 2024 3:52 AM IST
രാജാക്കാട്: ക്രിസ്മസിന്റെ ഭാഗമായി രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടെയും മതസൗഹാർദ കൂട്ടായ്മയുടെയും നേതൃത്വത്തിൽ നാലാം വർഷവും മതസൗഹാർദ കരോൾ നടത്തി.
അലങ്കരിച്ച വാഹനത്തിലെ പുൽക്കൂട്ടിൽ മാലാഖമാർക്കൊപ്പം ഉണ്ണിയെ കൈയിലേന്തി നിൽക്കുന്ന മാതാവും യൗസേപ്പിതാവും അവർക്കകമ്പടിയായി നടന്നുനീങ്ങിയ കുഞ്ഞുമാലാഖമാരും ക്രിസ്മസ് പാപ്പാമാരും ഗായകസംഘവും ഇടവക ജനവുമെല്ലാം കരോളിന് മാറ്റുകൂട്ടി.
മതസൗഹാർദ കൂട്ടായ്മ ഭാരവാഹികൾ കരോൾ കടന്നുപോയ റോഡരികിലെ കടകളിലും സ്ഥാപനങ്ങളിലും ക്രിസ്മസ് കേക്കുകൾ വിതരണം ചെയ്താണ് ക്രിസ്മസിന്റെ സന്തോഷം പങ്കുവച്ചത്.
കരോൾ റാലി സമാപിച്ചപ്പോൾ ടൗണിൽ കരോൾ സന്ദേശവും ഫ്ലാഷ് മോബും കരോൾ ഗാനാലാപനവും പാപ്പ ഡാൻസും നടത്തി.വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, സഹവികാരി ഫാ. ജോയൽ വള്ളിക്കാട്ട്, മതസൗഹാർദ കൂട്ടായ്മ ചെയർമാൻ എം.ബി. ശ്രീകുമാർ,
കോ-ഓർഡിനേറ്റർ വി.എസ്. ബിജു, ഇമാം നിസാർ ബാദ്രി, പി.ബി. മുരളിധരൻനായർ, ബിനോയി കൂനംമാക്കൽ, സിബി കൊച്ചുവള്ളാട്ട്, വി.വി. ബാബു, കെ.എം. സുധീർ, വി.എസ്. അരുൺ പ്രസാദ്, ജമാൽ ഇടശേരിക്കുടി, പ്രതീഷ് വൈദ്യർ, ഷൈൻ വരിക്കമാക്കൽ, അബ്ദുൾ കലാം, കെ.ജി. മഹേഷ്, എ. ഹംസ, ജോഷി കന്യാക്കുഴി എന്നിവർ നേതൃത്വം നൽകി.