രാമക്കൽമേട്ടിൽ ഹോം സ്റ്റേ ഉടമയുടെ നേതൃത്വത്തിൽ വിനോദ സഞ്ചാരികളെ വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി
1490120
Friday, December 27, 2024 4:04 AM IST
നെടുങ്കണ്ടം: രാമക്കൽമേട്ടിൽ ഹോം സ്റ്റേ ഉടമയയുടെ നേതൃത്വത്തിൽ വിനോദ സഞ്ചാരികളെ വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 12 പേർക്ക് പരിക്ക്. ആറു പേരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കളമശേരി സ്വദേശികകളായ അബ്ദുൾ ഷുക്കൂർ (38), സീനത്ത് (52), ഷിഹാബ് ഹംസ(39), ഷിഫാ (14) സീനത്ത് (56), സെയ്ഫുനീസ് (60) എന്നിവരാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഇതിൽ അബ്ദുൾ ഷുക്കൂറിന്റെ തലയ്ക്ക് അഞ്ച് കുത്തിക്കെട്ടുകൾ ഉണ്ട്. ഷിഫായുടെ കൈക്കു പൊട്ടലും മറ്റുള്ളവരുടെ തലക്കും ദേഹത്തും പരിക്കേറ്റിട്ടുണ്ട്.ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
കളമശേരിയിൽനിന്നു രണ്ടു വാഹനങ്ങളിലായി സ്ത്രീകളും കുട്ടികളും അടങ്ങിയ 60 അംഗ സംഘം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് രാമക്കൽമേട്ടിലെ മൗണ്ടൻ മിസ്റ്റ് എന്ന ഹോം സ്റ്റേയിൽ മുറികൾ എടുത്തത്.
സംഭവത്തെക്കുറിച്ച് സഞ്ചാരികൾ പറയുന്നതിങ്ങനെ: രാത്രി പലതവണ വൈദ്യുതി നിലച്ചു. വിവരം റിസോർട്ട് ഉടമയയെ അറിയിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തെങ്കിലും പിന്നിട് വീണ്ടും പല തവണ വൈദ്യുതി തകരാറിലായി.
ഇതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിനോദ സഞ്ചാരികളിൽ ഒരാളുടെ കൈ റിസോർട്ട് ഉടമ പിടിച്ചു തിരിക്കുകയും മർദിക്കുകയും ചെയ്തു. മറ്റുള്ളവർ എതിർത്തതോടെ ഇയാൾ പിൻവാങ്ങുകയും തുടർന്ന് 12 പേരെ കൂട്ടിക്കൊണ്ട് വന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയുമായിരുന്നെന്ന് പരിക്കേറ്റവർ പറഞ്ഞു.
അക്രമികൾ റൂമിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. സഞ്ചാരികൾ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയെങ്കിലും അക്രമികളെ പിടികൂടിയില്ലെന്നും ഇവർ ആരോപിച്ചു. നഷ്ടപരിഹാരമായി 18,000 രൂപ നൽകിയ ശേഷമാണ് സഞ്ചാരികളെ പോകാൻ അനുവദിച്ചത്. തുടർന്ന് ഇവർ കളമശേരിയിലേക്കു മടങ്ങും വഴി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റവരെ കളമശേരി ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയും മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് പരിക്കേറ്റവർ തൊടുപുഴ, കളമശേരി പോലിസ് സ്റ്റേഷനുകളിൽ പരാതി നൽകി.