പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നു; ചെപ്പുകുളത്തേക്കുള്ള യാത്ര ദുരിതമായി
1490106
Friday, December 27, 2024 3:52 AM IST
കരിമണ്ണൂർ: പാലം അപകടാവസ്ഥയിലായതോടെ ചെപ്പുകുളം നിവാസികൾ യാത്രാ ദുരിതത്തിൽ. കരിമണ്ണൂർ-ചെപ്പുകുളം റോഡിലെ വെളുന്പൻതോടിനു കുറുകെയുള്ള പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. പാലത്തിന്റെ ഒരുഭാഗത്തെ കരിങ്കൽഭിത്തി തകർന്നതോടെ ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. ഇതോടെ സ്വകാര്യബസുകളടക്കം ചെപ്പുകുളം പള്ളി ജംഗ്ഷനിലേക്ക് എത്തുന്നില്ല.
ഒരുകിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചുവേണം ആളുകൾക്ക് ഇവിടേക്ക് എത്താൻ. ഈ ഭാഗത്ത് നിരവധികുടുംബങ്ങൾ താമസിക്കുന്നുണ്ട്. ദിവസേന നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന റോഡാണിത്. നിലവിൽ ചെറുവാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും പാലം കൂടുതൽ തകർന്നാൽ ഇതിനും നിയന്ത്രണം ഏർപ്പെടുത്താനുള്ള സാധ്യതയുണ്ട്.
ഇതു പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കും. ഒരുമാസം മുന്പ് ചെറിയ തോതിൽ പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതുടങ്ങിയിരുന്നു. അന്നുതന്നെ നാട്ടുകാർ പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇതാണ് സംരക്ഷണഭിത്തി കൂടുതൽ തകരാൻ കാരണമായത്.
പാലത്തിന്റെ അടിഭാഗത്തെ കോണ്ക്രീറ്റ് അടർന്ന് ഈ ഭാഗത്തെ വാർക്കകന്പിയും പുറത്തുകാണാവുന്ന വിധത്തിലാണ്. പാലത്തിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിച്ച പൂർണമായി ഗതാഗത സജ്ജമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.