പാറത്തോട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധജ്വാല
1490122
Friday, December 27, 2024 4:04 AM IST
അടിമാലി: പാറത്തോട് മേഖലയിലും പരിസരപ്രദേശങ്ങളിലും മദ്യ-മയക്കുമരുന്ന് മാഫിയകള്‍ സ്വൈരവിഹാരം നടത്തുന്നുവെന്നും ഇതു പ്രദേശത്തെ ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പാറത്തോട് ജനകീയ സമിതി.
പാറത്തോട് പള്ളി വക പൂതാളിയിലെ കുരിശ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതും തുടര്‍ സംഭവങ്ങളും ഇതിനുദാഹരണമായി സമിതി ചൂണ്ടിക്കാണിക്കുന്നു. മദ്യം, മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ഫലപ്രദമായ നടപടി ആവശ്യപ്പെട്ടും യുവജനങ്ങളില്‍ വര്‍ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം നിയന്ത്രിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടുമാണ് പാറത്തോട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 27ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കാനൊരുങ്ങുന്നത്.
ഇന്നു വൈകിട്ട് ആറിന് കമ്പളികണ്ടത്തുനിന്നാരംഭിക്കുന്ന പ്രതിഷേധ ജ്വാല പാറത്തോട്ടില്‍ സമാപിക്കും. പ്രതിഷേധ സൂചകമായി ദീപം തെളിയിച്ച് രാത്രി നടത്തം സംഘടിപ്പിക്കും. പാറത്തോട് കേന്ദ്രീകരിച്ച് പോലീസ് സ്റ്റേഷന് എന്ന ആവശ്യവും ജനകീയ സമിതി മുമ്പോട്ട് വയ്ക്കുന്നു. കമ്പളികണ്ടത്തു നിന്നാരംഭിക്കുന്ന പ്രതിഷേധ ജ്വാല പാറത്തോട്ടില്‍ സമാപിക്കും.
സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകള്‍ 27ന് നടക്കുന്ന പരിപാടിയുടെ ഭാഗമാകുമെന്ന് ജനകീയ സമിതി മുഖ്യരക്ഷാധികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, ചെയര്മാന് രാജു വീട്ടിക്കല്‍, ബിജു വള്ളോംപുരയിടം, ജോസഫ് സേവ്യര്‍ എന്നിവര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.