സുരക്ഷയില്ല: അയ്യപ്പൻകോവിൽ തൂക്കുപാലത്ത് തിരക്ക് വർദ്ധിക്കുന്നു
1490119
Friday, December 27, 2024 4:04 AM IST
അയ്യപ്പൻ കോവിൽ: തൂക്കുപാലത്ത് ക്രിസ്മസ് ന്യൂ ഇയർ അവധിക്കാലം ആഘോഷിക്കാൻ തിരക്ക് വർധിക്കുന്നു.ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ സംവിധാനമില്ല. അപകടാവസ്ഥയിലായ പാലത്തിൽ ഒരേസമയം 40-ലേറെ ആളുകളിൽ കൂടുതൽ കയറുന്നു. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കാനും സാധ്യതയുണ്ട്.
ക്രിസ്മസ് ന്യൂ ഇയർ അവധിയാഘോഷത്തിന്റെ ഭാഗമായി അയ്യപ്പൻകോവിൽ തൂക്കുപാലം കാണാൻ വിനോദസഞ്ചാരികളുടെ തിരക്കേറി. ക്രിസ്മസ് ദിനത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തൂക്കുപാലത്തിൽ കയറി ദൂരക്കാഴ്ചകൾ ആസ്വദിക്കാൻ ഏതാനും ദിവസങ്ങളായി സഞ്ചാരികളുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അവധിക്കാലമായതിനാൽ ഇനിയും തിരക്ക് കൂടും.
എന്നാൽ, നിർമിച്ചശേഷം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ തൂക്കുപാലം അപകടാവസ്ഥയിലാണ്. നട്ടും ബോൾട്ടും അയഞ്ഞും കൂട്ടിച്ചേർക്കലുകളിൽ തുരുമ്പു വീണും തൂക്കുപാലത്തിനു കാര്യമായ ബലക്ഷയമുണ്ട്. ഒരേ സമയം 40 പേരിൽ കൂടുതൽ ആളുകൾ പാലത്തിൽ കയറരുതെന്ന മുന്നറിയിപ്പുണ്ട്. എന്നാൽ, ഇതെല്ലാം ലംഘിക്കപ്പെടുന്ന കാഴ്ചയാണ് പലപ്പോഴും ഉണ്ടാകുന്നത്. പ്രകൃതി രമണീയമായ തൂക്കുപാലം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.
സ്വദേശത്തുംനിന്നും ഇതര സംസ്ഥാനത്തുനിന്നുപോലും ഇവിടേക്ക് ആളുകൾ എത്തുന്നുണ്ട്. ഒരു പ്രാവശ്യം വന്നാൽ വീണ്ടും വീണ്ടും ഇവിടേക്ക് ആളുകൾ എത്തുന്നുണ്ട്. സുരക്ഷിതമായ വള്ള യാത്രക്കും ഇവിടെ സ്വകാര്യ വ്യക്തികളുടെ മേൽനോട്ടത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇവിടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണ്.
ഏതു സമയവും ഇവിടെ അപകടം പതിയിരിപ്പുണ്ട്. പാലമാണ് അപകടാവസ്ഥയിലുള്ളത്. ആളുകളെ നിയന്ത്രിക്കാൻ ഒരു സംവിധാനവും ഇവിടെയില്ല. തൂക്കുപാലം നവീകരിക്കാനുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും അയ്യപ്പൻ കോവിൽ പഞ്ചായത്തിന്റെയും തീരുമാനം ഇനിയും നടപ്പിലായില്ല. തൂക്കുപാലം നിർമിച്ച കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി പഞ്ചായത്തിനുവേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കി.
എന്നാൽ, പിന്നീട് ഒരുനടപടിയും ഉണ്ടായില്ല. ഇരുചക്രവാഹനങ്ങൾ കയറ്റിയും അനുവദനീയമല്ലാത്ത എണ്ണത്തിൽ കൂടുതൽ ആളുകൾ കയറിയും ഓരോദിവസവും തൂക്കുപാലത്തിന് ബലക്ഷയം കൂടി വരികയാണ്. വിനോദസഞ്ചാരികളും അധികൃതരും ഇതെല്ലാം അവഗണിക്കുന്നതിൽ നാട്ടുകാർക്ക് ആശങ്കയും പ്രതിഷേധവുമുണ്ട്.