വ്യത്യസ്തമായ രണ്ട് അപകടങ്ങളിൽ നാല് അയ്യപ്പഭക്തർക്കും ഒരു ഓട്ടോറിക്ഷ തൊഴിലാളിക്കും പരിക്ക്
1490117
Friday, December 27, 2024 4:04 AM IST
വണ്ടിപ്പെരിയാർ: വ്യത്യസ്തമായ രണ്ട് അപകടങ്ങളിൽ നാല് അയ്യപ്പഭക്തർക്കും ഒരു ഓട്ടോറിക്ഷ തൊഴിലാളിക്കും പരുക്ക്. ചോറ്റുപാറക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടുകൂടിയാണ് ഒരു അപകടം ഉണ്ടായത്.
ശബരിമല ദർശനം കഴിഞ്ഞ് ചെന്നൈയിലേക്ക് പോവുകയായിരുന്ന ഏഴു പേർ സഞ്ചരിച്ചിരുന്ന വാഹനം ചോറ്റുപാറയ്ക്കു സമീപം എത്തിയപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോവുകയും കുമളിയിൽനിന്നു വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഡ്രൈവർ കീരിക്കര സ്വദേശി മുരുക( 38)ന് മുഖത്തും തലക്കും കൈക്കും കാലിനും പരിക്കേറ്റു. ഡ്രൈവർ അപകടസമയത്ത് ഓട്ടോയിൽനിന്നു തെറിച്ച് റോഡിലേക്ക് വിഴുകയും ചെയ്തു.
ഇതിനുശേഷവും നിയന്ത്രണം വിട്ട അയ്യപ്പഭക്തരുടെ വാഹനം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തെ ഇടിക്കുകയും പിന്നീട് ആ വാഹനത്തിന് പുറകിൽ നിർത്തിയിട്ടിരുന്ന തെലുങ്കാന സ്വദേശികളായ അയ്യപ്പഭക്തരുടെ വാഹനത്തിലും ഇടിക്കുകയും ചെയ്തു.
സൈഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് ഓട്ടോ നിന്നത്. തുടർന്ന് പുറകെ വരികയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലെ ഡ്രൈവർ അപകടത്തിൽ പരിക്കേറ്റ മുരുകനെ കുമളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കുമളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഇതിനുശേഷം വൈകിട്ട് ആറുമണിയോടെ കൂടിയാണ് മറ്റൊരു അപകടം ഉണ്ടാകുന്നത്. ശബരിമലയിൽ നിന്നും ദർശനം കഴിഞ്ഞ് തെലുങ്കാനയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.
ഒരു കുടുംബത്തിലെ നാലു പേർ സഞ്ചരിച്ചിരുന്ന വാഹനം വണ്ടിപ്പെരിയാർ ഹൈസ്കൂളിനു സമീപം എത്തിയപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിടുകയും സ്കൂളിന്റെ മതിലിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ തെലുങ്കാന സ്വദേശികളായ ഭാസ്കർ (47), വിഷു (11), ഓംസീ (45), വിജയ് (47 ) എന്നീ അയ്യപ്പഭക്തർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതുവഴി എത്തിയ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇവരെ വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയത്. നാലുപേർക്കും മുഖത്താണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് വണ്ടിപ്പെരിയാർ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.