എം.ടിയുടെ നിര്യാണത്തിൽ പി.ജെ. ജോസഫ് അനുശോചിച്ചു
1490124
Friday, December 27, 2024 4:04 AM IST
തൊടുപുഴ: മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നിർലോപ സംഭാവനകൾ നൽകിയ മഹാ പ്രതിഭയായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ അദ്ദേഹം ചെറുകഥകളിലൂടെയും നോവലുകളിലൂടെയും തിരക്കഥകളിലൂടെയും മലയാളത്തെ വായിക്കാൻ പഠിപ്പിച്ചു.
സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടൻ കാറ്റായിരുന്നു ഓരോ എം.ടി കഥകളും. വാക്കുകളുടെ ഒഴുക്ക്, ആശയങ്ങളുടെ ലാളിത്യം, ഭാഷയുടെ സൗന്ദര്യം ഇതാണ് ഓരോ എം.ടി കഥകളുടെയും മുഖമുദ്ര. ചെറുകഥകളിലൂടെ വളർന്നു പന്തലിച്ച് നോവൽ എന്ന കാൻവാസും കടന്ന് വെള്ളിത്തിരയിലെ തിരക്കഥകളിൽ കൈയൊപ്പ് പതിപ്പിച്ചു നിൽക്കുന്നു എം.ടിയുടെ സാഹിത്യസപര്യ. അദ്ദേഹത്തിന്റെ വേർപാട് നാടിന് തീരാനഷ്ടമാണെന്ന് ജോസഫ് അനുസ്മരിച്ചു.
ചെറുതോണി: മലയാള സാഹിത്യ ലോകത്തിനു മാത്ര മല്ല, സമസ്ത മേഖലകൾക്കും തീരാത്ത നഷ്ടമാണ് എം.ടി. വാസുദേവൻ നായരുടെ വേർപാടെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു. കേരള ജനതയുടെ മനസ്സിൽ അദ്ദേഹം എന്നെന്നും ജീവിക്കുമെന്നും സണ്ണി അനുശോചന കുറിപ്പിൽ പറഞ്ഞു.