എം.ടി.യുടെ പാദസ്പർശമേറ്റ് മലങ്കരയുടെ ജലാശയ തീരവും
1490116
Friday, December 27, 2024 4:04 AM IST
തൊടുപുഴ: മനുഷ്യജീവിതത്തെ കാൻവാസാക്കി മലയാള സാഹിത്യ ലോകത്തെ ഇതിഹാസമായി മാറിയ എം.ടി.വാസുദേവൻനായരുടെ പാദസ്പർശനം തൊടുപുഴയ്ക്കു സമീപമുള്ള മലങ്കര ജലാശയ തീരത്തിനുമുണ്ടായി. എം.ടിയുടെ നവതിയുടെ ഭാഗമായി അദ്ദേഹം രചിച്ച 10 കഥകൾ സിനിമയാക്കിയിരുന്നു.
ഇതിൽ എട്ടാമത്തെ ചിത്രമായിരുന്നു ഓളവും തീരവും. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ മലങ്കരജലാശയത്തിനു സമീപത്തെ കുടയത്തൂരിലായിരുന്നു. എം.ടി.തിരക്കഥയെഴുതി 1970-ൽ പുറത്തിറങ്ങിയ ഓളവും തീരവും പുനഃസൃഷ്ടിക്കപ്പെടുന്നതിനു സാക്ഷ്യം വഹിക്കാനാണ് 2022 ജൂലൈ 16നു കോഴിക്കോട് നിന്നും മകൾ അശ്വതിക്കൊപ്പം കുടയത്തൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ അദ്ദേഹം എത്തിയത്. ഇതിനിടെ എം.ടി.യുടെ 89-ാം ജന്മദിനാഘോഷവും സിനിമയുടെ അണിയറപ്രവർത്തകർ ഇവിടെ ഒരുക്കിയിരുന്നു.
ഷൂട്ടിംഗിന്റെ ഇടവേളയിൽ ജന്മദിന കേക്ക് മുറിച്ച് എല്ലാവരുമായി സന്തോഷം പങ്കിടാനും അദ്ദേഹത്തിനായി. നായകൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, നായിക ദുർഗകൃഷ്ണ, നടി സുരഭി ലക്ഷ്മി എന്നിവർ ചേർന്ന് ചടങ്ങ് ആഘോഷമാക്കി മാറ്റുകയും ചെയ്തു.
വിഭവസമൃദ്ധമായ പിറന്നാൾസദ്യയും ഒരുക്കിയിരുന്നു. ഒന്നരമണിക്കൂറോളം ലൊക്കേഷനിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. 1970-ൽ പുറത്തിറങ്ങിയ ഓളവും തീരവും സിനിമയുടെ തിരക്കഥ നിർവഹിച്ച എംടിക്ക് 52 വർഷങ്ങൾക്കുശേഷം ഈ സിനിമ പുനഃസൃഷ്ടിക്കപ്പെടുന്നത് നേരിൽ കാണാനുള്ള അപൂർവ ഭാഗ്യവും അന്നു ലഭിച്ചു.
മുന്പ് പി.എൻ.മേനോനായിരുന്നു സംവിധായകനെങ്കിൽ രണ്ടാംപതിപ്പിൽ ഈ സ്ഥാനത്ത് പ്രിയദർശനും നടൻ മധുവിന്റെ സ്ഥാനത്ത് മോഹൻലാലും അണിയറയിലെത്തിയെന്ന വ്യത്യാസം മാത്രമാണുണ്ടായിരുന്നത്.
വെള്ളഷർട്ടും കസവുകരയുള്ള മുണ്ടും ധരിച്ചെത്തിയ എം.ടി.ക്ക് നിരവധി സിനിമകളുടെ ലൊക്കേഷനായ കുടയത്തൂരിൽ ലഭിച്ചത് ഹൃദ്യമായ സ്വീകരണമായിരുന്നു. ഈ സ്നേഹത്തിന്റെ ചൂടും ചൂരും അനുഭവിച്ചാണ് മലയാളത്തിന്റെ മഹാപുണ്യമായ എം.ടി. അന്നു തൊടുപുഴയിൽ നിന്നു മടങ്ങിയത്.