ആത്മഹത്യ ചെയ്ത വ്യാപാരിക്ക് കണ്ണീരിൽ കുതിർന്ന വിട
1489002
Sunday, December 22, 2024 4:21 AM IST
കട്ടപ്പന: സഹകരണസംഘത്തിൽനിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെത്തുടർന്ന് കട്ടപ്പനയിലെ വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ വ്യാപകപ്രതിഷേധം. വിഷയം സംസ്ഥാനതലത്തിൽ ചർച്ചയാകുകയും പ്രമുഖ നേതാക്കളടക്കം പ്രതികരിക്കുകയും ചെയ്തു.
കട്ടപ്പന പള്ളിക്കവലയിലെ വെറൈറ്റി ലേഡീസ് സെന്റർ ഉടമ മുളങ്ങാശേരിൽ സാബു(56)വിനെയാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. 12 ലക്ഷത്തോളം രൂപയാണ് സൊസൈറ്റിയിൽനിന്ന് നിക്ഷേപത്തുകയായി സാബുവിന് ലഭിക്കാനുള്ളത്.
ഏരിയാ സെക്രട്ടറിയുടെ ഭീഷണി ഫോണ് സംഭാഷണം പുറത്ത്
കട്ടപ്പന: കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സാബുവിനെ സിപിഎം മുൻ കട്ടപ്പന ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായിട്ടുള്ള ഫോണ് സംഭാഷണം പുറത്ത്. ബാങ്ക് മുൻ പ്രസിഡന്റുകൂടിയായിരുന്ന വി.ആർ. സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്.
താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയി പിടിച്ചുതള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ് സംഭാഷണത്തിൽ പറയുന്നുണ്ട്. നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നായിരുന്നു സജിയുടെ പ്രതികരണം. പണി മനസിലാക്കിത്തരാമെന്നും സജി സാബുവിനോട് പറയുന്നത് സംഭാഷണത്തിൽ വ്യക്തമാണ്.
നേതാവടക്കം ഭീഷണിപ്പെടുത്തിയതോടെ സാബു മനോവിഷമത്തിലായിരുന്നുവെന്ന് ഭാര്യ മേരിക്കുട്ടി പറഞ്ഞു. സാബു ബാങ്കിലെത്തിയപ്പോൾ ബിനോയി എന്നയാൾ "പോടാ പുല്ലേ’ എന്ന് പറഞ്ഞു. കഴിഞ്ഞദിവസം സാബു ബാങ്കിലെത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ മോശമായി പെരുമാറി എന്ന പരാതി പറയാൻ വിളിച്ചപ്പോഴാണ് മുൻ ബാങ്ക് പ്രസിഡന്റ് കൂടിയായിരുന്നു വി.ആർ. സജി ഭീഷണിപ്പെടുത്തിയതെന്നു മേരിക്കുട്ടി പറയുന്നു. ഇതോടെ സാബു പൂർണമായും തകർന്നുവെന്നും മേരിക്കുട്ടി പറഞ്ഞു.
കുടുംബത്തോടൊപ്പമെന്ന് സിപിഎം ഏരിയാ സെക്രട്ടറി
കട്ടപ്പന: സാബുവിന് 12 ലക്ഷം ആണ് ഇനി കൊടുക്കാൻ ഉള്ളതെന്നും തങ്ങൾ കുടുംബത്തോടൊപ്പമാണെന്നും സിപിഎം കട്ടപ്പന ഏരിയാ സെക്രട്ടറി മാത്യു ജോർജ്. ബാങ്കിന്റെ ഭരണം സിപിഎം ഏറ്റെടുത്തിട്ട് നാല് വർഷമായി.
20 കോടിയുടെ ബാധ്യതയാണ് ബാങ്കിനുള്ളത്. നിശ്ചിത തുക വീതം സാബുവിന് കൊടുക്കുന്നുണ്ട്. സാബു ബാങ്കിൽ എത്തി ജീവനക്കാരുമായി തർക്കം ഉണ്ടാക്കുകയായിരുന്നു. ഭരണ സമിതി അംഗം എന്ന നിലയിൽ അഭിപ്രായം പറയുക സാധാരണമാണെന്നും അതിൽ കൂടുതൽ ഒന്നും കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന് നീതി ലഭിക്കണം: സിപിഎം ജില്ലാ സെക്രട്ടറി
മൂന്നാർ: കട്ടപ്പന റൂറൽ ബാങ്ക് നിക്ഷേപകൻ സാബുവിന്റെ മരണത്തിൽ കുടുംബത്തിന് നീതി ലഭിക്കണമെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. ഭാര്യയുടെ ചികിത്സയ്ക്കായി പണം പിൻവലിക്കാൻ ബാങ്കിലെത്തിയ സാബുവിനോട് ബാങ്ക് ജീവനക്കാർ മോശമായി പെരുമാറി എന്നാണ് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിലുള്ളത്.
ഇക്കാര്യത്തിൽ ജീവനക്കാർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിക്കണം. സാബുവിന്റെ മരണം ദൗർഭാഗ്യകരമാണ്. തെറ്റുകാരെ പാർട്ടി ഒരിക്കലും സംരക്ഷിക്കില്ല. ശക്തമായ പോലീസ് അന്വേഷണം നടക്കുമെന്നും അദ്ദേഹം മൂന്നാറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയപ്പോഴാണ് യുഡിഎഫ് ഭരണത്തിൽ ബാങ്കിന് സംഭവിച്ച തകർച്ചയെപറ്റി വ്യക്തമാകുന്നത്. ബാങ്ക് പ്രതിസന്ധിയിലാണെന്നത് വസ്തുതയാണ്. ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കില്ല. 17 കോടിയോളം രൂപ നിക്ഷേപകർക്ക് കുടിശികയുണ്ടായിരുന്നു.
ഇതിൽ അഞ്ചു കോടി രൂപ നിക്ഷേപകർക്ക് ബാങ്ക് തിരികെ നൽകി. സാബുവിന്റെ 90 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ 12 ലക്ഷം മാത്രമാണ് തിരികെ നൽകാനുള്ളത്. സാബുവിന് ലഭിക്കേണ്ട പണം അടിയന്തരമായി തിരികെ നൽകാൻ ഭരണസമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. നിക്ഷേപകന്റെ ദാരുണ മരണം രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും സി.വി. വർഗീസ് പറഞ്ഞു.