കാസ്ക് വോളി ഇന്നുമുതൽ
1489005
Sunday, December 22, 2024 4:21 AM IST
തൊടുപുഴ: ജീവകാരുണ്യ കലാകായിക സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന കാസ്ക് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മഹാറാണി വെഡ്ഡിംഗ് കളക്ഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 11-ാമത് കാസ്ക് വോളിബോൾ ചാന്പ്യൻഷിപ്പ് ഇന്നുമുതൽ 28 വരെ കാരിക്കോട് തോപ്പിൽ ഗാലറി ഫ്ള്ഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 7.30ന് പി.ജെ. ജോസഫ് എംഎൽഎ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ചാരിറ്റി വിതരണ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സണ് സബീന ബിഞ്ജു നിർവഹിക്കും. സമാപന സമ്മേളന ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും.
ഒന്നാം സമ്മാനം നേടുന്നവർക്ക് 75,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 50,000 രൂപയും ട്രോഫിയും, ബെസ്റ്റ് പ്ളെയറിന് ട്രോഫിയും കാഷ് അവാർഡും ബെസ്റ്റ് ട്രയലിന് കാഷ് അവാർഡും നൽകും.
ഇന്ത്യയിലെ എട്ട് മുൻനിര ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നാലായിരത്തോളം പേർക്ക് മത്സരം കാണാനുള്ള അവസരമാണ് ക്രമീകരിച്ചിരിക്കുന്നത്. ടൂർണമെന്റിൽനിന്നു ലഭിക്കുന്ന വരുമാനം കാൻസർ, കിഡ്നി രോഗികളെ സഹായിക്കുന്നതിനാണ് വിനിയോഗിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് എ.എസ്. ജാഫർഖാൻ, ചെയർമാൻ ഷാമൽ അസീസ്, ഫൈസൽ ചാലിൽ, കെ.ബി. ഹാരിസ്, കെ.പി. ഷംസുദ്ദീൻ, സബീഷ് അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു.