കരവിരുതിൽ ഇതൾവിരിഞ്ഞത് ഈർക്കിലിയിൽ തീർത്ത നക്ഷത്രം
1488997
Sunday, December 22, 2024 4:05 AM IST
മുണ്ടൻമുടി: ക്രിസ്മസിനോടനുബന്ധിച്ച് മുണ്ടൻമുടി സെന്റ് മേരീസ് പള്ളിയിൽ ഒരുക്കിയിട്ടുള്ള ഈർക്കിലിയിൽ തീർത്ത നക്ഷത്രം കരവിരുതിന്റെ നേർസാക്ഷ്യമാകുന്നു. ഇടവകയിലെ നക്ഷത്രനിർമാണ മത്സരത്തിലാണ് കുടപ്പനയുടെ 10,000-ൽപ്പരം ഈർക്കിലി ഉപയോഗിച്ച് നിർമിച്ച നക്ഷത്രം ഇവിടെ ഇതൾവിരിഞ്ഞത്.
ഇടവകയിലെ 30-ഓളം കുടുംബങ്ങൾ അടങ്ങുന്ന സെന്റ് തോമസ് യൂണിറ്റാണ് നക്ഷത്രം തയാറാക്കിയത്. ഹൈറേഞ്ചിന്റെ കവാടവും ആനയാടികുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സമീപത്തും സ്ഥിതി ചെയ്യുന്ന മുണ്ടൻമുടി പള്ളിയിലെ വേറിട്ട ഈ നക്ഷത്രം കാണുന്നതിന് നിരവധിപ്പേരാണ് എത്തുന്നത്.
പ്രകൃതിഭംഗികൊണ്ട് മനോഹരമായ ഗ്രാമവും മുണ്ടൻമുടി പള്ളിയും പരിസരപ്രദേശങ്ങളും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. വികാരി ഫാ. പോൾ ആക്കപ്പടിക്കൽ, കൈക്കാരന്മാരായ ബിനോയി ചിരപ്പറന്പിൽ, ഷിന്റോ ഒഴുകയിൽ, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ ചേർന്നാണ് നക്ഷത്രനിർമാണ മത്സരത്തിന് നേതൃത്വം നൽകിയത്.