വാഹനാപകടം: സംയുക്ത പരിശോധന ആരംഭിച്ചു
1488998
Sunday, December 22, 2024 4:05 AM IST
തൊടുപുഴ: സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ അമിതവേഗവും നിയമലംഘനവും തടയാനുള്ള പ്രത്യേക വാഹന പരിശോധന ജില്ലയിൽ തുടങ്ങി. ചൊവ്വാഴ്ചയാണ് മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചത്. ആദ്യദിനം 63 കേസുകൾ രജിസ്റ്റർ ചെയ്തു. 70,000ഓളം രൂപയാണ് പിഴ ഈടാക്കിയത്.
പരിശോധന ജനുവരി 15വരെ തുടരും. തൊടുപുഴ, അടിമാലി, കട്ടപ്പന സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. സമീപകാലത്ത് വാഹനാപകടങ്ങളും മരണങ്ങളും വർധിച്ച സാഹചര്യത്തിലാണ് സംസ്ഥാനാടിസ്ഥാനത്തിൽ കർശന വാഹന പരിശോധന നടത്താൻ സർക്കാർ നിർദേശം നൽകിയത്.
ജില്ലയിൽ തൊടുപുഴ വെങ്ങല്ലൂർ - കോലാനി ബൈപാസ്, വെങ്ങല്ലൂർ- നെല്ലാപ്പാറ, മുട്ടം - ശങ്കരപ്പിള്ളി മച്ചിപ്ലാവ് - അടിമാലി, മൂന്നാർ- ടോപ് സ്റ്റേഷൻ മേഖല, മൂന്നാർ ടൗണ്, മുണ്ടക്കയം-കുട്ടിക്കാനം, വെള്ളയാംകുടി-അന്പലക്കവല ഭാഗം എന്നിവിടങ്ങളിലാണ് അപകടസാധ്യത കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.
ബ്ലാക്ക് സ്പോട്ടുകളായി വേർതിരിക്കാവുന്ന സ്ഥലങ്ങൾ ജില്ലയിലില്ല. മൂന്നുവർഷത്തിനിടെ 500 മീറ്റർ ദൂരത്തിൽ അഞ്ച് വലിയ അപകടങ്ങളോ 10 മരണങ്ങളോ സംഭവിക്കുന്പോഴാണ് സ്ഥലം ബ്ലാക്ക് സ്പോട്ടായി രേഖപ്പെടുത്തുക. കഴിഞ്ഞ ഒരുവർഷത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനം പുരോഗമിക്കുകയാണ്.
അപകടങ്ങളുടെ കണക്കെടുത്ത് സ്ഥലങ്ങൾ ജിപിഎസിൽ തിരിച്ചറിഞ്ഞ് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ അപകടങ്ങളിൽ ഗുരുതര പരിക്കുകൾ സംഭവിക്കുന്നതോ മരിക്കുന്നതോ കൂടുതലും ജില്ലയ്ക്ക് പുറത്തുനിന്നുള്ള യാത്രക്കാരാണ്.
ജില്ലയുടെ ഭൂപ്രകൃതി മനസിലാക്കാതെയാണ് ഇവർ അപകടത്തിൽപ്പെടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലുള്ളവർ അപകടങ്ങളിൽ പെടാറുണ്ടെങ്കിലും മരണ സംഖ്യ കുറവാണെന്നും അധികൃതർ പറഞ്ഞു.
അപകടങ്ങൾ കുറയ്ക്കാനായി അപകടസാധ്യതാ മേഖലകളിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനവും ബോധവത്ക്കരണവും ശക്തിപ്പെടുത്തുകയാണ് മോട്ടോർ വാഹനവകുപ്പ്.
സിഗ്നൽ തെറ്റിക്കൽ, അനധികൃത പാർക്കിംഗ്, രാത്രിയിൽ ലൈറ്റ് ഡിം ചെയ്യാതിരിക്കുക തുടങ്ങിയ ഡ്രൈവിംഗ് സംസ്കാരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാഹനബാഹുല്യമുള്ള പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കും.