കാഞ്ഞിരപ്പള്ളിയെ വിറപ്പിച്ച് പേമാരിയും കാറ്റും
1599449
Monday, October 13, 2025 11:40 PM IST
കാഞ്ഞിരപ്പള്ളി: ഞായറാഴ്ചയുണ്ടായ ശക്തമായ മഴയിലും കാറ്റിലും കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ മേഖലകളിൽ വ്യാപക നാശം. ചിറക്കടവ്, വാഴൂർ, ചെറുവള്ളി, മണിമല എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.
ചിറക്കടവ് പഞ്ചായത്തിന്റെ ആറ്, ഏഴ്, എട്ട് വാർഡുകളിലാണ് ഏറെ നഷ്ടം. മറ്റുപ്രദേശങ്ങളിൽ കൃഷിനാശമുണ്ട്. ആറാം വാർഡിൽ മാത്രം ഇരുപതോളം വീടുകൾക്കു നാശനഷ്ടമുണ്ടായതായി വാർഡംഗം ആർ. രാജേഷ് പറഞ്ഞു.
ഞായറാഴ്ച ആയതുകൊണ്ടുതന്നെ കാറ്റ് ആഞ്ഞുവീശുന്ന സമയത്തു മിക്ക വീടുകളിലും ആളുകൾ ഉണ്ടായിരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വൻ മരങ്ങൾ വീടുകൾക്കു മുകളിലേക്കു കടപുഴകി വീണാണ് കൂടുതലും നാശനഷ്ടമുണ്ടായത്. പലരും സമീപ വീടുകളെ ആശ്രയിച്ചാണ് രാത്രി കഴിച്ചുകൂട്ടിയത്. മണക്കാട്ട് ദേവീക്ഷേത്രത്തിന്റെ മുകൾവശത്തായുള്ള താമസക്കാർക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ താമസിക്കുന്ന മണക്കാട്ട് ചെറുകുന്നത്ത് ശശിധരൻ നായരുടെ വീടിനു മുകളിലേക്കു രണ്ടു മരങ്ങളാണ് കടപുഴകി വീണത്.
മേൽക്കൂരകൾ പറന്നു
പടിഞ്ഞാറേപറന്പിൽ സിബിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. വീടിനും വീട്ടുപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടുവേലികുന്നേൽ ബിജുവിന്റെ ആറ് ജാതി മരങ്ങൾ, 85 മൂട് കപ്പ, എട്ട് കൊക്കോ എന്നിവ കാറ്റിൽ നശിച്ചു. മുണ്ടുവേലികുന്നേൽ മിനിയുടെ വീടിന്റെ ഷീറ്റ് കാറ്റിൽ പറന്നുപോയി.
പറപ്പള്ളിക്കുന്നേൽ പി.എൻ. സോജന്റെ വീടിന്റെ മട്ടുപ്പാവിലെ കൃഷിയുടെ മഴമറയും ജലസംഭരണിയും കാറ്റിൽ തകർന്നു. ഇദ്ദേഹം വാടകയ്ക്കു നൽകിയിരുന്ന വീടിന്റെ മുകളിൽ മരം വീണു തകർന്നു. പശുത്തൊഴുത്തും മരം വീണു തകർന്നു. മുട്ടത്ത് ചന്ദ്രശേഖരൻ നായരുടെ വീടും കിണറും മരം വീണു നശിച്ചു. പുത്തൻകളത്തിൽ പ്രതീഷ് കുമാറിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി. പൂവത്തുങ്കൽ വിദ്യാസാഗറിന്റെ വീടിനു മുകളിലേക്കു പുളിമരം വീണു. വലിയ പറപ്പള്ളിക്കുന്നേൽ ഷാജിയുടെ വീടിനു മുകളിലും മരം വീണു. ചെറുകുന്നത്ത് സി.പി. ശശിധരൻനായർ, ഈരൂരിക്കൽ ഫിലോമിന, മറ്റപ്പള്ളിൽ ബൈജു എന്നിവരുടെ വീടുകൾക്കും മരം വീണ് നാശമുണ്ടായി.
വൻ കൃഷി നാശം
അമ്പഴത്തിനാൽ എ.ആർ. പ്രസാദിന്റെ പറമ്പിലെ കപ്പ മുഴുവൻ കാറ്റിൽ നശിച്ചു. വട്ടക്കുഴി ഭാഗത്ത് കുന്നപ്പള്ളിൽ (തേക്കുംതോട്ടത്തിൽ) ദീപുവിന്റെ വീടിനു പുറകിൽ തോട്ടിലേക്ക് കയ്യാല ഇിഞ്ഞ് വീടിനു സുരക്ഷാ ഭീഷണിയായി. സമീപത്തുള്ള പള്ളിവാതുക്കൽപറമ്പിൽ രാജപ്പൻ പിള്ളയുടെയും എം.കെ. ഷാജിയുടെയും പുരയിടത്തിലെ ജാതിയും മറ്റു മരങ്ങളും നശിച്ചു. താവൂർ എം.ബി. മോഹനന്റെ വീടിനും കൃഷിക്കും നാശമുണ്ടായി.
റോഡിന് കുറുകെ വൻമരങ്ങൾ കടപുഴകി വീണതോടെ ഗതാഗതവും തടസപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും കെഎസ്ഇബി ജീവനക്കാരും സഹകരിച്ചാണ് മരങ്ങളും വൈദ്യുതിത്തൂണുകളും വൈദ്യുതിലൈനുകളും മാറ്റിയത്. ഇന്നലെ പകൽ മുഴുവൻ മരം മുറിച്ചുനീക്കലും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായിരുന്നു. ഏറെ പ്രദേശത്തും ഇനിയും വൈദ്യുതി പുനഃസ്ഥാപിക്കാനുണ്ട്. പഞ്ചായത്തംഗങ്ങളായ കെ.ജി. രാജേഷ്, ശ്രീലത സന്തോഷ്, വില്ലേജ് ഓഫീസർ പ്രമോദ്, സ്പെഷൽ വില്ലേജ് ഓഫീസർ ഷൈൻമോൻ, വില്ലേജ് അസിസ്റ്റന്റ് ഇ.കെ. സാം തുടങ്ങിയവർ നാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. തകർന്ന വീടുകളുടെ വിലനിർണയം പഞ്ചായത്ത് അധികൃതർ നിർണയിച്ചതിന് ശേഷം താലൂക്ക് ഓഫീസിലേക്കു കൈമാറും.
പോസ്റ്റുകൾ വീണു
വാഴൂർ പഞ്ചായത്തിൽ 10, 11 വാർഡുകളിലാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്. പത്താം വാർഡ് ചാമംപതാൽ-ബ്ലോക്ക്പടി ഭാഗത്തെ വേങ്ങത്താനത്ത് പാപ്പച്ചൻ, വരിക്കമാക്കൽ തോമസ്, വെട്ടുവേലിൽ തോമസ്, തെക്കേപ്ലാത്തോട്ടം ജോയി, വെട്ടിത്താനം ജോൺ, തെക്കേപ്ലാത്തോട്ടം ടോണി എന്നിവരുടെ കുലച്ച വാഴയും കപ്പയും കാറ്റിൽ നശിച്ചു.
11-ാം വാർഡിൽ മാരാംകുന്ന് ഭാഗത്തെ കരിന്പനപുതുപറന്പിൽ ഇസ്മയിൽ റാവുത്തർ, ഇടയകുളത്ത് കുഞ്ഞുമോൾ തങ്കപ്പൻ എന്നിവരുടെ വീടുകളിലെ മേൽക്കൂര കാറ്റിൽ പറന്ന് നാശനഷ്ടങ്ങൾ ഉണ്ടായി. വരിക്കമാക്കൽ എം.ജെ. ജോസഫ്, ആന്റണി തോമസ് പഴയവീട്ടിൽ, ഉമ്മർ മാറുകാട്ട്, അബ്ദുൾ ഷുക്കൂർ വാലുപറന്പിൽ, അടച്ചിലമാക്കൽ ജോസ് തുടങ്ങി നിരവധി പേരുടെ കുലച്ച വാഴയും കപ്പയും റബർ, തേക്ക് മരങ്ങളും കാറ്റിൽ നശിച്ചു.
ചാമംപതാൽ-കടയനിക്കാട് റോഡിൽ മാരാംകുന്ന് ഭാഗത്തു കൂറ്റൻ തേക്ക് മരം റോഡിലേക്കു വീണു ഗതാഗതം തടസപ്പെടുകയും വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്തു. ചെറുവള്ളി വില്ലേജിൽ അഞ്ചു വീടുകൾക്കും മണിമല വില്ലേജിൽ ഒരു വീടിനുമാണ് നാശമുണ്ടായത്.