സിപിഎം-ബിജെപി സംഘർഷം: പ്രതികളെ അറസ്റ്റ് ചെയ്തില്ല
1599215
Monday, October 13, 2025 1:18 AM IST
ഏറ്റുമാനൂർ: ശനിയാഴ്ച മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി മടങ്ങിയ ബിജെപി പ്രവർത്തകരെ ആക്രമിച്ച സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തില്ല. ശനിയാഴ്ച മൂന്നുമണിക്കു മുമ്പ് അറസ്റ്റ് ചെയ്യുമെന്ന് ബിജെപി നേതാക്കൾക്കു നൽകിയ ഉറപ്പിൽനിന്നാണ് പോലീസ് പിന്നോട്ടുപോയത്.
സിപിഎം, ബിജെപി നേതാക്കളെ പോലീസ് ഇന്നു ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഈ ചർച്ചയ്ക്കുശേഷം ഭാവി സമരപരിപാടികൾ തീരുമാനിക്കാനിരിക്കുകയാണ് ബിജെപി. ബിജെപി പ്രവർത്തകരെ സിപിഎമ്മുകാർ ആക്രമിച്ചതിനെത്തുടർന്ന് സംസ്ഥാന നേതാക്കന്മാരുടെ നേതൃത്വത്തിൽ ബിജെപി ഏറ്റുമാനൂർ ടൗണിൽ വഴി തടഞ്ഞിരുന്നു. വഴിതടയൽ അരമണിക്കൂറിലേറെ നീണ്ടപ്പോൾ കോട്ടയം ഡിവൈഎസ്പി വി.എസ്. അരുൺ ഏറ്റുമാനൂരിലെത്തി നേതാക്കളുമായി ചർച്ച നടത്തിയതിനെത്തുടർന്നാണ് വഴിതടയൽ അവസാനിപ്പിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്കു മുമ്പായി പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് ഡിവൈഎസ്പി ഉറപ്പുനൽകിയിരുന്നത്. എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതേത്തുടർന്ന് ഇന്നലെ രാത്രി ബിജെപി പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
മന്ത്രി വി.എൻ. വാസവന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. പോലീസുകാരുടെ ലാത്തി തട്ടിയെടുത്തുവരെ സിപിഎമ്മുകാർ ബിജെപിക്കാരെ മർദിച്ചു. 12 വയസുള്ള ഒരു പെൺകുട്ടിക്കും മർദനമേറ്റു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇത്രയും ഗൗരവമുള്ള കേസായിട്ടു പോലും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസിന്റെ നിലപാടിൽ പ്രതിഷേധം ഉയരുന്നുണ്ട്. മന്ത്രി വി.എൻ. വാസവൻ ഏറ്റുമാനൂരിലെ പൊതുപരിപാടികളിൽനിന്ന് ഇന്നലെ വിട്ടുനിന്നു. മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
സിപിഎമ്മിൽ തർക്കം
ശനിയാഴ്ച ബിജെപി പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സിപിഎമ്മിനുള്ളിൽ തർക്കം. ആക്രമണം ഒഴിവാക്കേണ്ടതായിരുന്നെന്ന് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നു. ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ മുതിർന്ന നേതാക്കൾ നയിച്ച പ്രകടനത്തിൽ അവരുടെ സാന്നിധ്യത്തിൽ ആക്രമണം നടത്തിയവരെ നിയന്ത്രിക്കാൻ സാധിക്കാതിരുന്നത് വലിയ പിഴവായെന്ന് ഇവർ ആരോപിക്കുന്നു.
ഏറ്റുമാനൂരിലെ രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ സിപിഎമ്മിലുള്ള ചേരിതിരിവും ഇന്നലത്തെ ആക്രമണത്തിന്റെ പരോക്ഷ കാരണമായി ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നു. ആക്രമണം നടത്തിയ യുവാക്കൾ തടയാൻ ശ്രമിച്ച മുതിർന്ന നേതാവിനെ വകവച്ചില്ലെന്നും ഇവർ പറയുന്നു.
യൂത്ത് കോൺഗ്രസ്
മാർച്ച് ഇന്ന്
ശബരിമലയിലെ സ്വർണത്തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. രാവിലെ 11ന് എംസി റോഡിൽ പടിഞ്ഞാറേനടയ്ക്കു സമീപത്തുനിന്ന് മാർച്ച് ആരംഭിക്കും.
ശബരിമല സ്വർണപ്പാളി: എല്‍ഡിഎഫ്
വിശദീകരണ യോഗം ഇന്ന്
കോട്ടയം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ഉള്‍പ്പെടെ നുണകള്‍ പ്രചരിപ്പിക്കുന്ന പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും നിലപാടിനെതിരേ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു വൈകുന്നേരം നാലിന് തിരുനക്കര ബസ്സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ വിശദീകരണ യോഗം സംഘടിപ്പിക്കും. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി. കെ. ശശിധരന് തുടങ്ങി എല്‍ഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.