അർധരാത്രി കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
1599410
Monday, October 13, 2025 7:06 AM IST
കോട്ടയം: സുഹൃത്തുക്കൾക്കൊപ്പം അർധരാത്രിക്കുശേഷം കുളത്തിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുവഞ്ചൂർ മടുക്കാനിയിൽ പരേതനായ വിജയകുമാറിന്റെ മകൻ വൈശാഖ് (26) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 12ന് വൈശാഖും രണ്ടു സുഹൃത്തുക്കളും നരിമറ്റം ക്ഷേത്രത്തിനു സമീപത്തെ പാടത്ത് കുത്തിയ കുളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു.
നീന്തുകയായിരുന്ന വൈശാഖിനെ ഇടയ്ക്കുവച്ച് വെള്ളത്തിൽ കാണാതായതോടെ സുഹൃത്തുക്കൾ ബഹളംവയ്ക്കുകയും നാട്ടുകാർ ഓടിക്കൂടുകയും ചെയ്തു. തുടർന്ന് ഇവർ വിവരമറിയിച്ചതനുസരിച്ച് അയർക്കുന്നം പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി രണ്ടരയോടെ മൃതദേഹം കണ്ടെത്തി.
സംഭവത്തിൽ കേസെടുത്ത പോലീസ് വൈശാഖിനൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളെ അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. അമ്മ: രമ. സഹോദരൻ: വിഷ്ണു.