അമ്മയെ മകൻ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച എസ്ഐക്ക് മകന്റെ ആക്രമണത്തിൽ പരിക്ക്
1599152
Sunday, October 12, 2025 7:04 AM IST
തലയോലപ്പറമ്പ്: അമ്മ യെ ആക്രമിക്കാൻ ശ്രമിച്ച മകനെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് മകന്റെ ആക്രമണത്തിൽ പരിക്കേറ്റു.തലയോലപ്പറമ്പ് വടകര വലിയവീട്ടിൽ തങ്കമ്മ(80)യെ ആക്രമിക്കാൻ ശ്രമിച്ച മകൻ മുരുക(54)നെ തടയാൻ ശ്രമിച്ചതലയോലപ്പറമ്പ് സ്റ്റേഷനിലെ എസ്ഐ പി.പി.സുദർശനാണ് മുരുകന്റെ ചവിട്ടേറ്റ് വലതുകൈത്തണ്ടയ്ക്ക് പരിക്കേറ്റത്.
തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുദർശന്റെ കൈയിലെ അസ്ഥിയ്ക്ക് പൊട്ടലുള്ളതായി എക്സറേയിൽ കണ്ടെത്തി.പരിക്ക് ഭേദമായില്ലെങ്കിൽ ശസ്ത്രക്രിയവേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം 4.30ന് മകൻ മുരുകൻ ക്രൂരമായി മർദിക്കുന്നെന്ന് തങ്കമ്മ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. ഉടൻ എസ്ഐ പി.പി. സുദർശനൻ എഎസ് ഐ രാജേഷുമായി ബൈക്കിൽ വടകരയിൽ എത്തി. പോലീസിനെ കണ്ടതോടെ മുരുകൻ അസഭ്യം പറഞ്ഞ് എസ്ഐ സുദർശനന്റെ യൂണിഫോമിലെ വലതുവശത്തെ ഫ്ളാപ്പ് വലിച്ചുകീറി.
എസ്ഐ മുരുകന്റെ കൈ തട്ടിമാറ്റുന്നതിനിടെ പ്രതി വലതുകാൽ ഉയർത്തി എസ്ഐ യെ ചവിട്ടിവീഴ്ത്തി. പിന്നീട് കൂടുതൽ പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ മുരുകനെ റിമാൻഡ് ചെയ്തു.