മെഡി. കോളജിൽ ബന്ധുക്കൾ എത്താതെ ആറു മൃതദേഹങ്ങൾ
1599146
Sunday, October 12, 2025 7:04 AM IST
നിരവധി കേസുകൾക്ക് തുന്പുണ്ടാക്കിയ പോസ്റ്റ്മോർട്ടം ടേബിൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചയിൽ ബന്ധുക്കൾ എത്താതെ സൂക്ഷിച്ചിരിക്കുന്നത് ആറു മൃതദേഹങ്ങൾ. ഇതിൽ മൂന്നു മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽനിന്നു വന്ന രോഗികളുടേതാണ്. ഒരെണ്ണം പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആളുടേതും.
18 കാബിനുകൾ അടങ്ങിയതാണ് കോട്ടയം മെഡിക്കൽ കോളജിലെ മോർച്ചറി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങി വിവിധ ജില്ലകളിലെ പല കേസുകൾക്കും തുമ്പുണ്ടാക്കിയത് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിലെ ഡോക്ടർമാരുടെ മികവാണ്.
ഫോറൻസിക് വിഭാഗത്തോടു ചേർന്നാണ് ആശുപത്രിയിലെ മോർച്ചറിയും പ്രവർത്തിക്കുന്നത്.
മധ്യകേരളത്തിലെ വിവിധ ജില്ലകളിലെ പോലീസിനു തലവേദനയായ മരണങ്ങൾക്കു കാരണം കണ്ടെത്താൻ മിക്കപ്പോഴും തുണയാകുന്നതു കോട്ടയം മെഡിക്കൽ കോളജിൽ നടക്കുന്ന പോസ്റ്റ്മോർട്ടങ്ങളാണ്. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ നാലുവരെയാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. അടിയന്തര ഘട്ടത്തിൽ നാലിനു ശേഷവും പോസ്റ്റ്മോർട്ടം നടത്തും.
അവധി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയും ഫോറൻസിക് വിഭാഗം പ്രവർത്തിക്കും. പോലീസിന്റെയോ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെയോ നിർദേശ പത്രം ലഭിക്കുന്ന മുറയ്ക്കെ പോസ്റ്റ് മോർട്ടം നടക്കൂ. എന്നാൽ, പോസ്റ്റ്മോർട്ടം നടപടികൾക്കു യാതൊരു ശിപാർശയും ആവശ്യമില്ലെന്ന് ഡോക്ടർമാർ പറയുന്നു.
സൗജന്യമായാണ് പോസ്റ്റ്മോർട്ടം. മതപരമായ ചടങ്ങുകളൊന്നും മോർച്ചറി പരിസരത്ത് അനുവദിക്കില്ല. മൃതദേഹങ്ങൾ കൂടുതലാണെങ്കിൽ പോസ്റ്റ്മോർട്ടത്തിന്റെ എണ്ണം വർധിക്കും. പോസ്റ്റ്മോർട്ടം ഇല്ലാത്ത അപൂർവം ദിവസങ്ങളുമുണ്ട്.