ഭക്തിസാന്ദ്രമായി കുറവിലങ്ങാടിന്റെ കുഞ്ഞച്ചൻ തീർഥാടന യാത്ര
1599431
Monday, October 13, 2025 10:40 PM IST
കുറവിലങ്ങാട്: നൂറുകണക്കായ ഇടവകാംഗങ്ങൾ പങ്കുചേർന്ന, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്കുള്ള തീർഥയാത്ര ഭക്തിസാന്ദ്രമായി. പതിറ്റാണ്ടുകൾക്കു മുമ്പ് കുറവിലങ്ങാട് മഹാ ഇടവക ജന്മം നൽകിയ രാമപുരത്തിന്റെ വിശ്വാസതീവ്രതയിൽ വിരിഞ്ഞ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ സവിധത്തിലേക്കു തീക്ഷ്ണതയോടെ അവർ ഒഴുകിയെത്തി.
മൂന്നാമത് രാമപുരം തീർഥാടനത്തിനാണ് കുറവിലങ്ങാട് നേതൃത്വം നൽകിയത്. പൊതുവാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലുമായി ആയിരത്തോളം പേരാണ് രാമപുരം അമ്പല കവലയിലെത്തി പദയാത്രയായി കുഞ്ഞച്ചന്റെ സവിധത്തിലെത്തിയത്. മുത്തിയമ്മക്കൊടികളും കുടകളും സംവഹിച്ച പദയാത്ര മരിയഭക്തിയുടെ നേരനുഭവുമായി മാറി. പള്ളിയോഗാംഗങ്ങളും കുടുംബകൂട്ടായ്മാ ഭാരാവഹികളും നേതൃത്വം നൽകി.
കുറവിലങ്ങാട്ടെ തീർഥാടക സംഘത്തെ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന വികാരി ഫാ. ബെർക്കുമാൻസ് കുന്നുംപുറം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസ്വരൂപം നൽകി സ്വീകരിച്ചു. കുടുംബകൂട്ടായ്മാ ജനറൽ ലീഡർ ബോബിച്ചൻ നിധീരി തിരുസ്വരൂപം ഏറ്റുവാങ്ങി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകി.