ഷാഫി പറമ്പിലിനെ ആക്രമിച്ച സംഭവം: എംസി റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ്
1599165
Sunday, October 12, 2025 7:15 AM IST
ചങ്ങനാശേരി: പേരാമ്പ്രയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ചങ്ങനാശേരിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പെരുന്ന ബസ്സ്റ്റാന്ഡില്നിന്നുമാരംഭിച്ച പ്രകടനം നഗരംചുറ്റി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം സമാപിച്ചു.
തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും അരമണിക്കൂറോളം എംസി റോഡ് ഉപരോധിച്ചു. റോഡ് ഉപരോധത്തിനിടെ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, നേതാക്കളായ എം.എ. സജാദ്, നിതീഷ് കോച്ചേരി, മനോജ് വര്‍ഗീസ്, ജൂബിന്‍ ജോണ്സണ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതേത്തുടർന്ന് ഡിസിസി നിര്‍വാഹക സമിതിയംഗം ആന്റണി കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തുകയും ഡിവൈഎസ്പി കെ.പി. ടോംസണുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുകയും ചെയ്തു. വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സംഗമം ഇന്ന്
പായിപ്പാട്: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കും കോണ്‍ഗ്രസ് നേതാക്കന്മാര്ക്കും നേരേയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് നാലുകോടി കവലയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡെന്നീസ് ജോസഫ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ബിബിന്‍ തോമസ് അധ്യക്ഷത വഹിക്കും.