ശബരി റെയില്‍വേയില്‍ നടപടിയില്ല, ചര്‍ച്ച മാത്രം
1599217
Monday, October 13, 2025 1:18 AM IST
കോട്ടയം: ഉറപ്പുകളും ചര്‍ച്ചകളുമല്ലാതെ ശബരി റെയില്‍വേ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതില്‍ നടപടിയില്ല. സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കി സ്ഥലം ഏറ്റെടുത്തു കൊടുത്താല്‍ ശബരി പദ്ധതി മരവിപ്പിച്ച നടപടി റദ്ദാക്കി ഉടന്‍ പണി തുടങ്ങുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നിലപാട്.
ശബരി റെയില്‍വേ നിര്‍മാണത്തിനുള്ള സംസ്ഥാന വിഹിത ഫണ്ടിന് തടസമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാല്‍, എന്തുകൊണ്ട് വൈകുന്നു എന്നതില്‍ ഉത്തരമില്ല. സ്ഥലമെടുപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പലിശരഹിത ദീര്‍ഘകാല വായ്പാ പദ്ധതിയില്‍നിന്ന് ഫണ്ട് ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
സ്ഥലമെടുപ്പ് പ്രൊപ്പോസല്‍ ഇടുക്കി ജില്ലാ കളക്ടര്‍ നല്‍കിയിട്ടുണ്ടെന്നും എറണാകുളം ജില്ലയുടെ സ്ഥലമെടുപ്പ് പ്രൊപ്പോസല്‍ ലഭിച്ചാലുടന്‍ ഫണ്ട് അനുവദിക്കുമെന്നുമാണ് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കുന്നത്.
111 കിലോമീറ്റര്‍ അങ്കമാലി-ശബരി റെയില്‍വേ നിര്‍മാണത്തിന് നിലവില്‍ എട്ടു കിലോമിറ്റര്‍ സ്ഥലം മാത്രമാണ് ഏറ്റെടുത്ത് പാത നിര്‍മിച്ചത്. കാലടിയില്‍നിന്നു പിഴക് വരെ കല്ലിട്ടു തിരിച്ച സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കണം. 3810 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാനാണ് ദക്ഷിണ റെയില്‍വേയുടെ ധനവിഭാഗം റെയില്‍വേ ബോര്‍ഡിനോട് നിര്‍ദേശിച്ചിരിക്കുന്നത്. കുന്നത്തുനാട് താലൂക്കില്‍ പെരുമ്പാവൂര്‍വരെ സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ ഹിയറിംഗ് പൂര്‍ത്തിയായതിനാല്‍ നഷ്ടപരിഹാരം നല്‍കാനും തടസമില്ല.
കാലടി-പെരുമ്പാവൂര്‍ പത്തു കിലോമീറ്ററില്‍ സ്ഥലം ഏറ്റെടുക്കലിന് 103 കോടി ആവശ്യമാണ്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ 39 കിലോമീറ്റര്‍ സാമൂഹികാഘാത പഠനം നടത്തിയെങ്കിലും പബ്ലിക് ഹിയറിംഗ് നടത്തിയിട്ടില്ല. ഈ ഭാഗത്തു ഭൂമി ഏറ്റെടുക്കാന്‍ ഏകദേശം 410 കോടി രൂപ വേണം. എറണാകുളം ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ 513 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
ഇടുക്കി, കോട്ടയം ജില്ലകളില്‍ രാമപുരം (പിഴക്) സ്റ്റേഷന് വരെ സാമൂഹിക ആഘാത പഠനം നടത്താനുണ്ട്. രാമപുരം സ്റ്റേഷന് വരെ സ്ഥലമെടുപ്പിന് 150 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. സര്‍വേക്കല്ല് സ്ഥാപിച്ച ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാത്ത സ്ഥിതിയാണ്. അങ്കമാലി മുതല്‍ രാമപുരം വരെ 70 കിലോമീറ്റര്‍ നീളത്തിലാണ് സര്വേക്കല്ലുകളുള്ളത്. രാമപുരം മുതല്‍ എരുമേലി സ്റ്റേഷന് വരെ ഏരിയല്‍ സര്‍വേ മാത്രമേ നടന്നിട്ടുള്ളു.
കോട്ടയം ജില്ലയില്‍ രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നീ സ്റ്റേഷനുകളാണുള്ളത്.