പ്രായം വെറും അക്കം; ജോസഫും വര്‍ക്കിയും തിരക്കിലാണ്
1599218
Monday, October 13, 2025 1:18 AM IST
ജി.പി. വിനോദ്
പാമ്പാടി: കണ്ടന്‍കാവ് പുത്തന്‍പുരയ്ക്കല്‍ വീട്ടിൽ ജോസഫ് തോമസ് എന്ന കുഞ്ഞച്ചനും അനുജന് വര്‍ക്കി തോമസ് എന്ന കുഞ്ഞും ഒരുമിച്ചു കൃഷി തുടങ്ങിയിട്ട് അറുപതു വര്‍ഷത്തിലേറെയായി. എഴുപത്തിനാലിൽ എത്തിയ ജോസഫും എഴുപത്തിരണ്ടുകാരന് തോമസും ഇപ്പോഴും കൃഷിയിടത്തില്‍ സജീവമാണ്. കപ്പയും ചേനയും ചേമ്പും കാച്ചിലും വാഴയുമൊക്കെയുള്ള വൈവിധ്യമാര്‍ന്ന ഒരു കൃഷിയിടം. വീട്ടിലേക്കു വേണ്ടതൊന്നും ചന്തയില്‍നിന്നു വാങ്ങാതെ അധ്വാനിച്ചു വിളയിക്കണമെന്നതാണ് ഇവരുടെ വിശ്വാസപ്രമാണം.
കര്‍ഷകനായ വല്യപ്പന് ഔസേപ്പ് ആയിരുന്നു ഇവരുടെ പ്രചോദനം. അധ്വാനിയായിരുന്ന വല്യപ്പനൊപ്പം ചെറുപ്രായത്തില്‍ ജോസഫും വര്‍ക്കിയും ചെറുകൈ സഹായവുമായി കൂടിയതാണ്. ആ കൃഷി പരിചയം ഇപ്പോഴും ഇവര്‍ക്കു കൈമുതലായുണ്ട്. കൃഷിയെ അറിഞ്ഞും അനുഭവിച്ചും മുന്നേറിയ ഇരുവര്‍ക്കും പറയാനുള്ളത് മണ്ണിന്റെ മണമുള്ള നല്ല ഓര്‍മകളാണ്; ബാല്യത്തില്‍ വല്യപ്പനൊപ്പം ചന്തയ്ക്കു പോയതും യാത്രയ്ക്കിടെ ആനിവേലിയിലെ ചായക്കടയില്‍നിന്ന് കടുംകാപ്പിയും പരിപ്പുവടയും ബോണ്ടയുമൊക്കെ കഴിച്ചതും.
സ്നേഹനിധിയായ വല്യപ്പനെപ്പറ്റി പറയുമ്പോള്‍ കുഞ്ഞിന്റെ കണ്ണുകളില്‍ നനവ്. ഈറ വല്ലക്കുട്ടയില് സാധനങ്ങളുമായി പാമ്പാടി ചന്തയിലേക്കാണ് നടപ്പ്. പാവക്ക, പയര്‍, ഇഞ്ചി, മുളക്, വഴുതനങ്ങ, കോവക്ക, മത്തങ്ങ, വഴുതന, വാഴക്കുല എന്നിവയൊക്കെ വല്ലത്തിലുണ്ടാകും. ഉണക്കക്കപ്പയായിരുന്നു മറ്റൊരു പ്രധാന ഇനം. വീട്ടില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് പാമ്പാടി ചന്ത. അക്കാലത്ത് രാത്രിയിലും ചന്തയുണ്ടായിരുന്നു.
അത്തരത്തില്‍ രണ്ടുമൂന്നു രാത്രി ചന്തയില്‍ പോയതിന്റെ ഓര്‍മകളും മനസിലുണ്ട്. പില്ക്കാലത്ത് വെളുപ്പിന് നാലിന് മുതലായി ചന്ത. നല്ല ഏത്തക്കുലയ്ക്ക് അക്കാലത്ത് പത്തു രൂപ വരെ കിട്ടിയിട്ടുണ്ട്. അന്നത്തെ പത്തു രൂപയ്ക്ക് ഇന്നത്തെ പതിനായിരത്തിന്റെ മൂല്യമുള്ളതാണെന്നോര്ക്കണം. കോട്ടയം ചന്തയിലേക്ക് കാവുങ്കല്‍ പാപ്പച്ചന്റെ കാളവണ്ടിയിലും പിന്നീട് ബസിലും പോയതിന്റെ ഓര്‍മകളുമുണ്ട്. കോട്ടയം ചന്തയില്‍ വിറ്റാല്‍ വില രൊക്കം കിട്ടും. മറ്റിടങ്ങളില്‍ വില കിട്ടാന്‍ ഒരാഴ്ച താമസം വരും.
ജോസഫിനും വര്‍ക്കിക്കും കൃഷി കൂടാതെ ആട്, പശു വളര്ത്തലുമുള്ളതുകൊണ്ട് ഇരുവര്‍ക്കും ഒരു മിനിറ്റ് വെറുതെ ഇരിക്കാന്‍ തോന്നില്ല. നട്ടുനനച്ച് വളര്‍ത്തിയ പച്ചക്കറികള്‍ ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും നല്കുന്നതു പതിവാണ്. വര്‍ക്കിക്ക് കൃഷിയില്‍ പിന്തുണയുമായി ഭാര്യ അന്നമ്മയും മക്കളായ ബിനോയി, ബിന്‍സി എന്നിവരുമുണ്ട്. ജോസഫിന് കൂരോപ്പട പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് രണ്ടു തവണ കിട്ടിയിട്ടുണ്ട്.
വേനൽക്കാലത്ത് മരോട്ടിപ്പുഴ തോട്ടില്‍നിന്ന് വെള്ളം ചുമലിലേറ്റി കൊണ്ടുവന്നു നന കൊടുക്കണമായിരുന്നു. പശുവും ആടുമൊക്കെയുള്ളതുകൊണ്ട് ചാണകവും ആട്ടിന്‍കാഷ്ഠവുമാണ് വളം. ജൈവവളംകൊണ്ട് മണ്ണിന് നല്ല ഫലക്കൂറും മോശമല്ലാത്ത വിളവുമുണ്ട്. കഴിവതും രാസവളം ഒഴിവാക്കാനാണ് ഇവര്‍ക്ക് താത്പര്യം.
ഇരുവരുടേയും ദിനചര്യ ഈ പ്രായത്തിലും പുലര്‍ച്ചെ നാലിന് തുടങ്ങും. ദൈവാനുഗ്രഹം ആയുസിനും ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണമെന്ന വിശ്വാസക്കാരായ ഇരുവരും പള്ളിയില്‍ പോക്കും വിശുദ്ധ കുര്‍ബാനയും മുടക്കാറില്ല.