സംരക്ഷിത വനമൊരുക്കി നാഗമ്പടം മൈതാനം
1599440
Monday, October 13, 2025 11:40 PM IST
ട്രാക്കിലും ഗ്രൗണ്ടിലും മുട്ടോളം ഉയരത്തില്‍ കാട്, തകര്‍ന്ന ഗാലറി, മഴ പെയ്താല്‍ അണക്കെട്ടിന് സമാനം. കോട്ടയം നഗരത്തിനു നടുവില്‍ തകര്‍ച്ച നേരിടുകയാണ് നാഗമ്പടം നെഹ്റു സ്റ്റേഡിയം. കായിക മേഖലയ്ക്കു വലിയ സംഭാവന നല്കിയിരുന്നതും ഒട്ടേറെ താരങ്ങളെ വളര്‍ത്തിയതുമായ കളിക്കളത്തോടാണ് ഈ അവഗണന. നഗരസഭയുടെ ചുമതലയിലുള്ള സ്റ്റേഡിയം 1972 മുതല്‍ 1993 വരെ രഞ്ജി ട്രോഫി ക്രിക്കറ്റ് ഉള്‍പ്പെടെ മത്സരങ്ങള്‍ക്കും സംസ്ഥാന സ്കൂള്‍ കായികമേളകള്‍ക്കും വേദിയായിട്ടുണ്ട്.
ഇളകിവീഴാറായ ഗാലറികള്‍, മഴ പെയ്താല്‍ വെള്ളക്കെട്ട്, വളര്‍ന്നു പന്തലിച്ച് കാട്, സാമൂഹ്യവിരുദ്ധ ശല്യം. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഒന്പതേക്കര് വിസ്തൃതിയിലാണ് സ്റ്റേഡിയം. ചുറ്റും 148 കടമുറികള്‍ ഏറെക്കുറെ എല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. ഗാലറിയും കെട്ടിടത്തിലെ കടമുറികളും വിണ്ടുകീറി അപകട നിലയിലാണ്. വല്ലപ്പോഴും നഗരസഭയുടെ ശുചീകരണ വിഭാഗം കാട് വെട്ടിത്തെളിക്കാറുണ്ട്. നാളുകള്‍ക്കു മുമ്പു സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കാനായി സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിച്ചെങ്കിലും ബാറ്ററികള്‍ സഹിതം മോഷണം പോയി.
സ്റ്റേഡിയം നവീകരിക്കാന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. സിന്തറ്റിക് ട്രാക്ക് ഒരുക്കി നവീകരിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും നടപ്പായില്ല. നഗരസഭയുടെ സാമ്പത്തിക പരിമിതിയില്‍നിന്നു സ്റ്റേഡിയം നവീകരിക്കാന്‍ കഴിയാത്തതിനാല്‍ രാജ്യാന്തര നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് അനുവദിക്കണമെന്നാണ് നഗരസഭയുടെ നിലപാട്. 1972ല്‍ സ്ഥാപിതമായ ഈ മൈതാനത്ത് 18,000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുണ്ട്. ട്രെയിന്‍, ബസ് യാത്രാസൗകര്യം ഇത്രയുമുള്ള സ്റ്റേഡിയങ്ങള്‍ അധികമുണ്ടാകില്ല.
ചിറക്കടവ് പഞ്ചായത്ത് മിനി സ്റ്റേഡിയം
പൊന്‍കുന്നം ടൗണ്‍ഹാളിന് സമീപമുള്ള മിനി സ്റ്റേഡിയത്തില്‍ വിവിധ പന്തുകളികള്‍ നടക്കുന്നുണ്ടെങ്കിലും കാണികള്‍ക്ക് ഇരിക്കാനും നില്‍ക്കാനും ഇടമില്ലാത്ത അവസ്ഥയാണ്. സ്റ്റേഡിയം പരിസരം കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. ചിറക്കടവ് പഞ്ചായത്തില്‍ ചേപ്പുംപാറയ്ക്കുസമീപം കളിക്കളത്തിനു സ്ഥലം കണ്ടെത്തിയെന്നും നിര്മാണപ്രവര്ത്തനും പുരോഗമിക്കുകയാണെന്നും ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. ശ്രീകുമാര്‍ പറഞ്ഞു.
ചങ്ങനാശേരിയില്‍
ചങ്ങനാശേരി: നഗരസഭ ഇരുപതുവര്‍ഷംമുമ്പ് അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി ളായിക്കാട്ട് എറ്റെടുത്ത സ്ഥലത്ത് ഒരു നിര്‍മാണവും നടന്നിട്ടില്ല. ചങ്ങനാശേരി ബൈപാസ് വന്നതോടെ സ്റ്റേഡിയം സ്ഥലം രണ്ടായി മുറിക്കപ്പെട്ടിരുന്നു. ഈ സ്ഥലം ഇപ്പോള്‍ കാടുപിടിച്ച നിലയിലാണ്. എന്നാല്‍ അഞ്ചുകോടി രൂപ മുടക്കി ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയം ആധുനിക സൗകര്യങ്ങളോടെ നവീകരണം പൂര്‍ത്തിയായി വരികയാണ്. മാടപ്പള്ളി പഞ്ചായത്തിന്റെ 13-ാംവാര്‍ഡിലെ പങ്കിപ്പുറത്തുള്ള മൈതാനം നവീകരണവും അവസാന ഘട്ടത്തിലാണ്.
മുണ്ടക്കയം സ്റ്റേഡിയം പണി
പുരോഗമിക്കുന്നു
മലയോര കായികപ്രേമികള്‍ക്ക് ആവേശം ഉണര്‍ത്തി ആധുനിക സൗകര്യങ്ങളോടെ മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയം നിര്‍മാണം പുരോഗമിക്കുന്നു. പുത്തന്‍ചന്ത മൈതാനം ഒന്നര കോടി രൂപ മുടക്കിയാണ് ഗാലറിയും സിന്തറ്റിക് ട്രാക്കും അടക്കം നവീകരിക്കുന്നത്. ക്രിക്കറ്റ്, ഫുട്ബോള്‍ ടര്‍ഫ് കോര്‍ട്ടിന് ഒപ്പം ഷട്ടില്‍ കോര്‍ട്ടും സജ്ജീകരിച്ചിട്ടുണ്ട്. ലൈറ്റിംഗ് ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. നിര്‍മാണം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് പറഞ്ഞു.