കാർഷിക-ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വിദേശവിപണിഒരുക്കും: ബ്ലോക്ക് പഞ്ചായത്ത്
1599444
Monday, October 13, 2025 11:40 PM IST
കാഞ്ഞിരപ്പള്ളി: കാർഷിക ഭക്ഷ്യമേഖലയിലെ മൂല്യവർധിത ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കി വിദേശ മാർക്കറ്റുകളിൽ എത്തിക്കാൻ ബ്ലോക്ക് പഞ്ചായത്തും താലൂക്ക് വ്യവസായ വകുപ്പും സംയുക്തമായി പദ്ധതികൾ തയാറാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ നടന്ന എക്സ്പോർട്ട് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അജിത രതീഷ്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ജില്ലാ വ്യവസായ ഓഫീസർ വി.ആർ. രാകേഷ്, കോളജ് പ്രിൻസിപ്പല്‍ ഡോ. സീമോൻ തോമസ്, താലൂക്ക് വ്യവസായ മേധാവി കെ.കെ. ഫൈസൽ, ലോറൻസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുകിട, ഇടത്തരം സംരംഭകരുടെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനാവശ്യമായ തുടർനടപടികൾ വ്യവസായവകുപ്പ് ഏറ്റെടുക്കും. മികച്ച സംരംഭകരായ കല്ലൂർ ഇലക്ട്രോണിക്സ് എംഡി ജേക്കബ് കെ. ജേക്കബ്, ലോജിസ്റ്റിക്ക് കണ്‍സൾട്ടന്റ് ശങ്കർ ചന്ദ്രശേഖർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. താലൂക്കിലെ പഴയതും പുതിയതുമായ നിരവധി സംരംഭകർ ശില്പശാലയിൽ പങ്കെടുത്തു.