ബിജെപി പ്രവർത്തകർക്കു നേരേ സിപിഎം ആക്രമണം; ഏറ്റുമാനൂരിൽ സംഘർഷം
1598979
Sunday, October 12, 2025 12:39 AM IST
ഏറ്റുമാനൂർ: ദേവസ്വംമന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി മടങ്ങിയ ബിജെപി പ്രവർത്തകർക്കു നേരേ സിപിഎം ആക്രമണം.
എട്ടു ബിജെപി പ്രവർത്തകർക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കും പരിക്ക്. ഇതേത്തുടർന്ന് നഗരത്തിൽ സംഘർഷമുണ്ടായി. ബിജെപി പ്രവർത്തകർ അരമണിക്കൂറിലേറെ റോഡ് ഉപരോധിച്ചു. ബിജെപി പ്രാദേശിക നേതാക്കളായ സരുൺ അപ്പുക്കുട്ടൻ, പി.പി. വിജേഷ്, മുകേഷ്, പി.പി. ജോഷി, ടി.ആർ. രാജേഷ്, സനീഷ് ഗോപി, ആർ. രാജേഷ്, വാകത്താനം സ്വദേശിനി നികിത, നികിതയുടെ 12 വയസുകാരി മകൾ എന്നിവർക്കാണ് പരിക്കേറ്റത്. മാർച്ച് അവസാനിപ്പിച്ച് ബിജെപി പ്രവർത്തകർ പിരിഞ്ഞതിനു തൊട്ടു പിന്നാലെ സിപിഎം പ്രവർത്തകർ ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് ആരംഭിച്ച പ്രകടനമാണ് പ്രകോപനം സൃഷ്ടിച്ചത്.
റോഡരികിൽ പോസ്റ്റുകളിൽ കെട്ടിയിരുന്ന ബിജെപിയുടെ കൊടികൾ റോഡിലേക്ക് പറിച്ചെറിഞ്ഞാണ് പ്രകടനം നീങ്ങിയത്. ജില്ലാ കമ്മിറ്റി അംഗം കെ.എൻ. വേണുഗോപാൽ, ഏരിയ സെക്രട്ടറി ബാബു ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
പ്രകടനം സെൻട്രൽ ജംഗ്ഷനിൽ പോലീസ് സ്റ്റേഷനു മുന്നിൽ എത്തിയപ്പൾ ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ പാഞ്ഞുചെന്ന് മർദിക്കുകയായിരുന്നു. 12 വയസുകാരി പെൺകുട്ടിയെ ഓട്ടോറിക്ഷക്ക് ഉള്ളിലേക്ക് ചവിട്ടി വീഴ്ത്തുകയും മർദിക്കുകയും ചെയ്തു. പാലാ റോഡിലൂടെ പേരൂർ കവലവരെ പോയ പ്രകടനം തിരിച്ചെത്തുമ്പോൾ മർദനമേറ്റവർ കടയിൽ നാരങ്ങാ വെള്ളം കുടിച്ചു നിൽക്കുകയായിരുന്നു. ഇവരെ സിപിഎം പ്രവർത്തകർ വീണ്ടും കൂട്ടമായെത്തി വീണ്ടും ആക്രമിച്ചു. മന്ത്രി വി.എൻ. വാസവന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെയാണ് മർദിച്ചതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
വിവരമറിഞ്ഞ് സെൻട്രൽ ജംഗ്ഷനിൽ തിരികെയെത്തിയ ബിജെപി പ്രവർത്തകർ വൻ പ്രതിഷേധമുയർത്തി. പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിൽ റോഡ് ഉപരോധിച്ചതോടെ നഗരം പൂർണമായി സ്തംഭിച്ചു. കോട്ടയം ഡിവൈഎസ്പി വി.എസ്. അരുൺ സ്ഥലത്തെത്തി നേതാക്കളുമായി നടത്തിയ ചർച്ചയിൽ പ്രതികളായ സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പു നൽകിയതോടെയാണ് ഒത്തുതീർപ്പിനു വഴങ്ങിയത്.
കണ്ടാൽ അറിയാവുന്ന ആറ് സിപിഎം പ്രവർത്തകർക്കെതിരേയാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മർദിച്ച സാഹചര്യത്തിൽ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബിജെപി സംസഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ തുടങ്ങിയവരുടെ സമയോചിതമായ ഇടപെടലിലാണ് വൻ സംഘർഷം ഒഴിവായത്.
എന്നാൽ പോലീസ് ഉറപ്പു നൽകിയതനുസരിച്ച് പ്രതികളെ അറസ്റ്റ് ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ച് രാത്രിയിൽ ബിജെപി പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. രാവിലെ നിലയുറപ്പിച്ച വൻ പോലീസ് സംഘം രാത്രിയും ഏറ്റുമാനൂരിൽ തുടരുകയാണ്.
മാർച്ചിലെ
വൻ പങ്കാളിത്തം:
ഭീതിയിൽ സിപിഎം ആക്രമണമെന്ന്
ലിജിൻ ലാൽ
ഏറ്റുമാനൂർ: ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ അയ്യപ്പസംഗമത്തെക്കാൾ ജനപങ്കാളിത്തമുണ്ടായത് സിപിഎമ്മിനെ ഭീതിയിലാഴ്ത്തിയെന്നും ഇതിൽ വിറളിപൂണ്ടാണ് സിപിഎം ബിജെപി പ്രവർത്തകർക്കെതിരേ ആക്രമണം നടത്തിയതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ.
മാർച്ചിനു ശേഷം മടങ്ങിയ സ്ത്രീകൾ അടക്കമുള്ള ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ ലക്ഷ്യമിട്ട് ആക്രമിക്കുകയായിരുന്നു. ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണക്കൊള്ള ഉൾപ്പെടെയുള്ള അഴിമതികൾ പുറത്തുവരുമെന്ന ഭീതിയാണ് സിപിഎം ആക്രമണങ്ങൾക്കു പിന്നിലെന്നും ലിജിൻലാൽ പറഞ്ഞു.