യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
1599443
Monday, October 13, 2025 11:40 PM IST
ഏറ്റുമാനൂർ: ശബരിമല സ്വർണത്തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. നീണ്ടൂർ റോഡിൽ പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് സെൻട്രൽ ജംഗ്ഷനിലെത്തിയ പ്രവർത്തകർ എംസി റോഡ് ഉപരോധിച്ചു. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. റോഡ് ഉപരോധത്തിന്റെ പേരിൽ 10 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
മഹാദേവ ക്ഷേത്രത്തിന്റെപടിഞ്ഞാറേ നടയിൽനിന്ന് ആരംഭിച്ച മാർച്ച് നീണ്ടൂർ റോഡിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിനെ തുടർന്ന് ബാരിക്കേഡ് മാറ്റി മുന്നോട്ടു പോകാൻ പ്രവർത്തകർ ശ്രമിച്ചു. തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ പ്രകടനമായെത്തിയ പ്രവർത്തകർ കുരിശുപള്ളിക്കു സമീപം എംസി റോഡ് ഉപരോധിച്ചു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. റോഡിൽ കിടന്ന പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് നീക്കം ചെയ്തത്. ഇതിനിടെ പോലീസുമായി നേരിയ തോതിൽ ഏറ്റുമുട്ടൽ ഉണ്ടായെങ്കിലും പോലീസ് സംയമനം പാലിച്ചതിനാൽ വലിയ സംഘർഷമുണ്ടായില്ല.
റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് നീക്കം ചെയ്തതോടെ മറ്റ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. പോലീസ് സ്റ്റേഷനു സമീപം പോലീസ് പ്രകടനം തടഞ്ഞു.
മാർച്ചിനെ തുടർന്നു നടത്തിയ സമ്മേളനം യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബിനു ചള്ളിയിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എം. മുരളി, ആനന്ദ് പഞ്ഞിക്കാരൻ, കെ.ജി. ഹരിദാസ്, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ റാഷ്മോൻ ഒട്ടാറ്റിൽ, വിഷ്ണു ചെമ്മുണ്ടവള്ളി, കെ. കൃഷ്ണകുമാർ, ചിഞ്ചു കുര്യൻ ജോയി, ജോർജ് പയസ്, നിസാമുദ്ദീൻ, ബിനീഷ് ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.